Skip to main content

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു

*പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തിൽ ഇളവ് നൽകുന്നത്. നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടൻ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതൽ മന്ത്രി എം.ബി. രാജേഷും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞയാഴ്ചയും കേന്ദ്രമന്ത്രിക്ക് മന്ത്രി എം.ബി. രാജേഷ് വിഷയത്തിൽ കത്തയച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള നിരന്തര ആവശ്യത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം പുനപരിശോധിച്ചതെന്ന് കേന്ദ്രത്തിന്റെ കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻ തീരുമാനം തിരുത്തിയെങ്കിലുംഒരേ സമയം അൻപത് പ്രവർത്തികൾ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങൾ പ്രാവർത്തികമാക്കി സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

ഗ്രാമപഞ്ചായത്തിൽ ഒരേ സമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിർദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാന്റ് കേരളം നിലവിൽ നിർവഹിക്കുന്നത്. അതിനാൽ തന്നെ പല വാർഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശക്തമായ ഇടപെടൽ നടത്തിയത്.

തൊഴിലുറപ്പ് പദ്ധതി സാമഗ്രികൾ ഉപയോഗിച്ചതിന്റെ (മെറ്റീരിയൽ കോമ്പണന്റ്) കുടിശിക ലഭ്യമാകാത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്കും വെൻഡേഴ്‌സിനും ഇനിയും പണം നൽകാനായിട്ടില്ല. കേന്ദ്രത്തിന്റെ സോഫ്‌റ്റ്വെയറായ പിഎഫ്എംഎസിന്റെ ഐഡി വെൻഡേഴ്‌സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നൽകുന്നതിന് കൃത്യമായ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രംപൂർണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിർദേശിച്ചിട്ടുള്ള സോഷ്യൽ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നൽകേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ അനുവദിച്ചത് 2.96 കോടി മാത്രമാണ്. ഒട്ടും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധി വന്നപ്പോൾ മൂന്ന് കോടി രൂപ സംസ്ഥാന സർക്കാരാണ് അഡ്വാൻസായി അനുവദിച്ച് നൽകിയത്. വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഉൾപ്പെടെ ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂർച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാർഹമാണ്. എൻഎംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം തൊഴിലാളികൾ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്താനാകാതെകൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോഴും ആപ്പ് ശരിയായി പ്രവർത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്രസർക്കാരിൽ നിരന്തര ഇടപെടൽ കേരളം നടത്തിവരുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

കഴിഞ്ഞ വർഷം പത്തരക്കോടി തൊഴിൽ ദിനങ്ങൾ സാധ്യമാക്കിയ കേരളത്തിന് ഈ വർഷം കേന്ദ്രസർക്കാർ ആറ് കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80 ശതമാനമാണ് ഇത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021-22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 2021-22ൽ 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

പി.എൻ.എക്സ്. 5427/2022

date