Skip to main content

ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്

മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്നും  സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂർത്തിയാക്കുമെന്നും മന്ത്രി എം ബി രാജേഷ്  ലോകബാങ്ക് സംഘത്തെ അറിയിച്ചു. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) പദ്ധതിയുടെ പുരോഗതി ലോകബാങ്ക് പ്രതിനിധികളുമായി  മന്ത്രി ചർച്ച  ചെയ്തു. ഖരമാലിന്യ പരിപാലന രംഗത്തെ കേരളത്തിൻറെ ഇടപെടലുകളിൽ സംതൃപ്തി അറിയിക്കുന്നതായും ,മാലിന്യ സംസ്‌കരണത്തിൽ കേരളത്തിനുള്ള സഹായം തുടർന്നും ഉറപ്പാക്കുമെന്നും ലോകബാങ്ക് സംഘം വ്യക്തമാക്കി.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സമയബന്ധിതമായി കൈവരിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ലോകബാങ്ക് സംഘത്തോട് പറഞ്ഞു. നവീനവും ഫലപ്രദവുമായ മാലിന്യ സംസ്‌കരണ മാർഗങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലോകബാങ്കിൽ നിന്ന് തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നഗരവികസന പദ്ധതികളിൽ കേരള സർക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധത സംഘം മന്ത്രിയെ അറിയിച്ചു. ലോകബാങ്ക് സംഘത്തലവനും സീനിയർ അർബൻ എക്കണോമിസ്റ്റുമായ സിയു ജെറി ചെൻസീനിയർ സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് സ്‌പെഷ്യലിസ്റ്റ് തിയറി മാർട്ടിൻനഗരകാര്യ എഞ്ചിനീയറിംഗ് വിദഗ്ധൻ പൂനം അലുവാലിയ ഖാനിജോഅർബൻ കൺസൾട്ടൻറ് റിദ്ദിമാൻ സാഹാതദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, KSWMP ഡെപ്യൂട്ടി ഡയറക്ടർ യു വി ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദക്ഷിണേഷ്യയിലെ തന്നെ ലോകബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിലൊന്നാണ് കേരളത്തിലേത്. നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 കോടി ഡോളർ (2300കോടി രൂപ) ചെലവഴിച്ച് 87 മുൻസിപ്പാലിറ്റികളിലും 6 കോർപറേഷനുകളിലും ആറ് വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 10.5 കോടി ഡോളർ വീതം ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ടറൽ ഇൻവെസ്റ്റ്‌മെൻറ് ബാങ്കും നൽകും. ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. ശുചിത്വമിഷൻഹരിതകേരള മിഷൻക്ലീൻ കേരളാ കമ്പനിമലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2027 ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പി.എൻ.എക്സ്. 5435/2022

date