Skip to main content
പുന്നയൂർക്കുളം വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

കേരളം ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നു : മന്ത്രി കെ. രാജൻ

 

പുന്നയൂർക്കുളം - കടിക്കാട് സ്മാർട്ട്   വില്ലേജ് ഓഫീസ്  നാടിന് സമർപ്പിച്ചു

ഡിജിറ്റൽ റീസർവ്വെ പൂർത്തിയാകുന്നതോടെ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം എന്ന സ്വപ്നത്തിലേയ്ക്ക്  കേരളം കടക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. പുന്നയൂർക്കുളം- കടിക്കാട് വില്ലേജ് ഓഫീസ്  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂമി അളക്കൽ സുതാര്യമാക്കുന്നതിനും  അതിർത്തി തർക്കം പരിഹരിക്കുന്നതിനും  ഭൂമിയുടെ ക്രയവിക്രയങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റവന്യൂ വകുപ്പിലെ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന നാടായി കേരളം മാറുകയാണ്. നാല് വർഷം കൊണ്ട് മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുന്നതിനും ഡിജിറ്റൽ റിസർവ്വെ പൂർത്തീകരിക്കുന്നതിനുമുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് പുന്നയൂർക്കുളം- കടിക്കാട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.  1221 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ഡൈനിങ്ങ് - മീറ്റിങ്ങ് ഹാൾ, ഭിന്നശേഷി സൗഹ്യദ ടോയലറ്റ്, പൊതു ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. 

കാലപ്പഴക്കം വന്ന  പുന്നയൂർക്കുളത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ്  ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് തയ്യാറാക്കിയത്.  സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആറുമാസം കൊണ്ട് കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാനും കഴിഞ്ഞു.

 എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസ് നിർമ്മാണത്തിന് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയ വെള്ളാമാക്കൽ വിനോദിനിയെ ചടങ്ങിൽ ആദരിച്ചു.  സംസ്ഥാന നിർമ്മിതി കേന്ദ്രം റീജ്യണൽ എഞ്ചിനീയർ എം എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ ,പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്താക്കലി ,ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടി പറമ്പിൽ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ലീനസ്, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) കെ എസ് പരീദ്,  ചാവക്കാട് തഹസിൽദാർ ടി കെ ഷാജി,  പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date