Skip to main content

കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവശേഷിക്കുന്ന സ്ഥലങ്ങളിലും ഉടൻ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിയ അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശുചിത്വ മിഷൻറെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ബയോ മൈനിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മാലിന്യം നീക്കാനാണ് തീരുമാനം. ഈ നടപടികളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മാലിന്യ കുന്നുകളില്ലാത്ത കേരളം സാധ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നാല് വർഷത്തിനുള്ളിൽ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മാലിന്യത്തിൽ നിന്ന് നിരവധി വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിയും. ഈ സാധ്യതകളെല്ലാം ഉപയോഗിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യത്തിൻറെ അളവ് ആദ്യം സ്ഥലം അളന്ന് കണ്ടെത്തും. ഒരു ലക്ഷം ക്യുബിക് മീറ്ററിൽ അധികം വ്യാപ്തിയുള്ള സ്ഥലങ്ങളിൽ ഡ്രോൺ സർവേ രീതി ഉപയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഏറ്റെടുക്കും. ലെഗസി മാലിന്യ നിർമാർജന പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ എഞ്ചിനീയറായിരിക്കും. ഇതിനകം തന്നെ 22 മാലിന്യ നിക്ഷേപ സ്ഥലങ്ങൾ വൃത്തിയാക്കി 2.8ലക്ഷം ടൺ മാലിന്യം നീക്കം ചെയ്തു. ഇങ്ങനെ 45 ഏക്കറോളം സ്ഥലമാണ് വീണ്ടെടുത്തത്. 32 ഓളം മാലിന്യ കേന്ദ്രങ്ങൾ ഇപ്പോളും ബാക്കിയുണ്ട്. കൊച്ചി ബ്രഹ്‌മപുരംതൃശൂരിലെ ലാലൂർകോഴിക്കോട് ഞെളിയൻ പറമ്പ് ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിൽ വൃത്തിയാക്കൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ 8.46 ലക്ഷം ടൺ മാലിന്യം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള 24 സ്ഥലങ്ങളിലും ഉടൻ പ്രക്രീയ ആരംഭിക്കാനാണ് തീരുമാനം. ഇവിടെ 4.15ലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് വിലയിരുത്തൽ. 

പി.എൻ.എക്സ്. 5443/2022

date