Skip to main content

അട്ടപ്പാടിയില്‍ മെഡിക്കല്‍ എയ്ഡ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി ഹെല്‍പ് ലൈന്‍ നമ്പര്‍ 7907956296, 04924254382

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന് കീഴില്‍ നവംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ എയ്ഡ് കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഐ.ടി.ഡി.പി ഓഫീസില്‍ 7907956296, 04924254382 എന്നീ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടി പ്രദേശത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് അത്യാഹിത വിഭാഗക്കാര്‍ക്ക് യഥാസമയം ചികിത്സയും പരിശോധനയും ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പ്രൊമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, ആനിമേറ്റര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ എന്നിവരുടെ സഹായത്താല്‍ ചികിത്സ, പരിശോധന ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതമായി വാഹന സൗകര്യം/ ആംബുലന്‍സ് ലഭ്യമാക്കല്‍, റഫര്‍ ചെയ്ത ആശുപത്രിയില്‍ രോഗി എത്തുന്ന സമയം, അവിടെയുള്ള  പ്രൊമോട്ടറുടെ സഹായത്തോടെ ആശുപത്രിയില്‍ അവര്‍ക്കുണ്ടാവുന്ന വിഷമതകള്‍ പരിഹരിക്കുക എന്നിവ പദ്ധതിയിലൂടെ ലഭിക്കും.
ചികിത്സാ സഹായം ആവശ്യമായ രോഗികള്‍ക്ക് സഹായം നല്‍കല്‍, കൂട്ടിരിപ്പിന് ആളില്ലാത്ത രോഗികള്‍ക്ക് സഹായികളെ നല്‍കുക, അട്ടപ്പാടി വിട്ട് ചികിത്സാ പരിശോധന ആവശ്യമുള്ളവര്‍ക്ക് സഹായികളെ കൂടെ വിടുക തുടങ്ങിയ സഹായങ്ങള്‍ ഹെല്‍പ് സെന്റര്‍ മുഖേനയും ഉറപ്പാക്കുന്നുണ്ട്. വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് മൂന്ന് ജീവനക്കാരെ ഹെല്‍പ് സെന്ററില്‍ നിയോഗിച്ചിട്ടുണ്ട്.

date