Skip to main content

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്

*ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ്

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി കൈമാറിയ കൊല്ലം മണപ്പള്ളി സ്വദേശി ബിനോയിയെ നേരിൽ കണ്ട് അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്. തനിക്ക് ആകെയുള്ള 13 സെന്റ് സ്ഥലത്തിൽ സ്വന്തം വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ്, ബാക്കി 10 സെന്റും ബിനോയ് മൂന്ന് കുടുംബങ്ങൾക്ക് നൽകുകയായിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന നവകേരള തദ്ദേശകം 2.0 പരിപാടിയുടെ ഭാഗമായി ബിനോയിയെയും കുടുംബത്തെയും മന്ത്രി ആദരിച്ചു. മുൻപ് ബിനോയിയെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സിപിഐഎമ്മിന്റെ കരുനാഗപ്പള്ളി മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയാണ് ബിനോയ്. നാടിന് അഭിമാനമാണ് ബിനോയ് എന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

ചവറ മണ്ണൂർ വീട്ടിൽ രാജൻപിള്ള മുൻപ് സംഭാവന ചെയ്ത 30 സെന്റ് സ്ഥലം പത്ത് കുടുംബങ്ങൾക്ക് മന്ത്രി എം. ബി. രാജേഷ് ചടങ്ങിൽ കൈമാറി. ഗ്രാമപഞ്ചായത്തിനും പത്ത് സെന്റ് സ്ഥലം രാജൻപിള്ള നൽകിയിട്ടുണ്ട്. വീടില്ലാത്ത പാവങ്ങൾക്കായി 'മനസോടിത്തിരി മണ്ണ് ക്യാമ്പയിന്റെ' ഭാഗമായി ഭൂമി നൽകിയ മുഴുവനാളുകളെയും സംസ്ഥാന സർക്കാരിന് വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. സഹജീവികളോടുള്ള സ്‌നേഹവും കരുതലും ജീവിതം കൊണ്ട് കാട്ടിത്തരുകയാണ് ഇവർ. ക്യാമ്പയിന്റെ ഭാഗമായി ഭൂമി നൽകാൻ കൂടുതലാളുകൾ സന്നദ്ധരാകണമെന്നും മന്ത്രി അഭ്യർഥിച്ചു. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി വീടു വെച്ച് നൽകാനുള്ള ഊർജിത പരിശ്രമത്തിലാണ് സർക്കാർ. ഇതിനകം 1766.3 സെന്റ് സ്ഥലമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഇതിന് പുറമേ ആയിരം പേർക്ക് ഭൂമി നൽകാനായി 25 കോടി രൂപ നൽകാമെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിൻ കൂടുതൽ സജീവമായി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,13,725 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 2020ലെ ഗുണഭോക്തൃ പട്ടികയിലുള്ളരുമായി കരാർ ഏർപ്പെടാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ജില്ലാ കലക്ടർ അഫ്സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, അർബൻ ഡയറക്ടർ അരുൺ കെ വിജയൻ, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.വാർഷിക പദ്ധതി അവലോകനത്തിനും പദ്ധതി നിർവഹണത്തിൽ നേരിടുന്ന തടസങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മന്ത്രി നേരിട്ട് ജില്ലകളിലെത്തുന്ന നവകേരള തദ്ദേശകം 2.0 പരിപാടി ഇതിനകം അഞ്ച് ജില്ലകളിൽ പൂർത്തിയായി. വ്യാഴാഴ്ച മലപ്പുറത്തും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും പരിപാടി നടക്കും.

പി.എൻ.എക്സ്. 5470/2022

date