Skip to main content

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിൽ

ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണൽ കമ്മീഷണർ സുമിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച സ്ഥലത്തെത്തിയ സംഘം 5 ദിവസം ജില്ലയിലുണ്ടാകും. ഞായറാഴ്ച രാവിലെ ചുണ്ടേൽ മേപിൾ ആഷ് റിസോർട്ടിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പ്രോഗ്രാം ഓഫീസർമാരുടെ അവലോകന യോഗം നടത്തി. ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയിലെ നൂതന പരിപാടികൾ, ആയുഷ് പ്രവർത്തങ്ങൾ എന്നിവയെക്കുറിച്ച് പഠിച്ച സംഘം ആദ്യദിവസം മുള്ളൻകൊല്ലി കുടുംബരോഗ്യ കേന്ദ്രം സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച വരദൂർ സ്മാർട്ട് അംഗൻവാടി, പ്രദേശത്തെ ട്രൈബൽ കോളനി, എടവക കല്ലോടി ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ, വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ടീം പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, ദേശീയ പരിപാടികൾ, മാതൃ ശിശു ആരോഗ്യ യൂണിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തിയ സംഘം ജീവനക്കാരുമായി സംവദിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. പി. ദിനീഷ്, ആരോഗ്യകേരളം സ്റ്റേറ്റ് എച്ച്.ആർ മാനേജർ കെ. സുരേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാർ, ആയുഷ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ അനുബന്ധ മേഖലകളും കേന്ദ്രസംഘം സന്ദർശിക്കും.

date