Skip to main content

ഹരിത മിത്രം ; കോട്ടത്തറ പഞ്ചായത്തിനെ ആദരിച്ചു

ഹരിത മിത്രം എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ആദരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീതയില്‍ നിന്നും കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി റനീഷ് ആദരം ഏറ്റുവാങ്ങി. ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത അധ്യക്ഷ വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ മുഖ്യാതിഥിയായി.

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും ഉള്‍പ്പെടുന്ന നടപടികള്‍ സെപ്തംബര്‍ മാസത്തിലാണ് കോട്ടത്തറയില്‍ പൂര്‍ത്തിയായത്.   ഹരിത കര്‍മ സേനയാണ്  വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ നടത്തിയത്. വീടുകളും സ്ഥാപനങ്ങളുമായി 4698 എന്റോള്‍മെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഹരിത  കര്‍മസേന അംഗങ്ങള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്.  ഇതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടല്‍ നടത്താനും പഞ്ചായത്തിന് സാധിക്കും.

ചടങ്ങില്‍  ജില്ലയില്‍ സ്വച്ഛ്താ ഹി സേവ  പുരസ്‌ക്കാരം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി. വെങ്ങപ്പള്ളി പഞ്ചായത്ത് വി.ഇ.ഒ പി.സി അര്‍ഷിത, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.ജയസൂര്യന്‍, കോട്ടത്തറ പഞ്ചായത്ത് വി.ഇ.ഒ കെ.സി ദേവകി, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ എം.ജി ജനിമോള്‍, മേപ്പാടി പഞ്ചായത്ത് വി.ഇ.ഒ കെ.എ മുഹമ്മദ് ബഷീര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ. സിയാബുദ്ദീന്‍ന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ എ. ഗീതയില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി ) റഹീം ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടത്തറ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മ്മ പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date