Skip to main content

കുട്ടികൾ വായിച്ച് വളരാൻ അക്ഷര ജ്വാല പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്

 

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ നൂതന പദ്ധതിയായ അക്ഷരജ്വാല പദ്ധതിക്ക് തുടക്കം. അക്ഷര ജ്വാല- വായനക്കളരിയുടെ ഉദ്ഘാടനവും പുസ്തകവിതരണവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ പി.കെ ഹരികുമാർ നിർവഹിച്ചു. വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
 ആസൂത്രണസമിതിയുടെ അപ്പലേറ്റ് കമ്മിറ്റിയുടെ പ്രത്യേക അംഗീകാരം വാങ്ങിയാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർഥ്യമാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വൈക്കത്തെ 15 സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വായനക്കളരി രൂപീകരിച്ച് എല്ലാ സ്‌കൂളിലും 15000 രൂപയുടെ പുസ്തകങ്ങൾ വീതം വിതരണം ചെയ്യും. വായന കളരിയുടെ നേതൃത്വത്തിൽ ക്ലാസ്സ് മുറികളിൽ കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും തുടർന്ന് കുട്ടികൾക്കായി ചോദ്യോത്തരങ്ങളും നിരൂപണങ്ങളും സംഘടിപ്പിക്കുകയും അവർക്കെല്ലാം പുസ്തകങ്ങൾ സമ്മാനമായി നൽകുകയുമാണ് അക്ഷര ജ്വാല വായനക്കളരി കൊണ്ട് ഉദ്ദേശിക്കുന്നത്. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രീത രാമചന്ദ്രൻ അക്ഷര സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, സ്ഥിരം സമിതി അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, വീണ അജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, എസ്. ബിജു, എം.കെ റാണിമോൾ, സുജാത മധു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.കെ. ജയമോൾ, ഹെഡ്മാസ്റ്റർ എൻ മനോജ്, വാർഡ് അംഗം മിനി മനയ്ക്കപറമ്പിൽ , ബി.ഡി.ഒ. കെ അജിത്ത് എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ. 2770/2022)
 

date