Skip to main content

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു

സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ  ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ  ഒരുക്കുന്നതിനുമായി  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. പദ്ധതിയുടെ പൂർണവിവരങ്ങളും അറിയിപ്പുകളും അടങ്ങുന്ന ഔദ്യോഗിക വെബ്സൈറ്റും മന്ത്രി ലോഞ്ച് ചെയ്തു.  മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാൻ ഖരമാലിന്യ പരിപാലന പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയാനും പഠിക്കാനും പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.  ലോക ബാങ്ക്ഏഷ്യൻ  ഇൻഫ്രാസ്ട്രക്ച്ചർ  ഇൻവെസ്റ്റ്‌മെന്റ്  ബാങ്ക്  (AIIB) എന്നിവയുടെ  സാമ്പത്തിക  സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ആറ് വർഷം കൊണ്ട്  പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2300 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഇടപെടലുകളിൽ ലോകബാങ്ക് സംഘം കഴിഞ്ഞദിവസം തൃപ്തി അറിയിച്ചിരുന്നു.

കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മാലിന്യ  പരിപാലനത്തിൽ  സമഗ്രമായ മാറ്റം  കൊണ്ടുവരാനാണ്    ലക്ഷ്യമിടുന്നത്. ഓരോ  നഗരസഭകളിലും പദ്ധതിയുടെ  ഭാഗമായി   സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർമാരുടെ നിയമനം പൂർത്തിയായി. അഞ്ചു വർഷത്തെ ഖര മാലിന്യ പരിപാലന മാസ്റ്റർപ്ലാന് രൂപം നൽകാനുള്ള വിവരശേഖരണം നഗരസഭകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ  പ്രവർത്തനങ്ങളുടെ ഭാഗമായി  ഓരോ  നഗരസഭകളിലെയും   ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 25 വർഷത്തെ മാലിന്യ ഉല്പാദനത്തിന്റെ തോത് കണ്ടെത്തുകയുംജി ഐ എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 80 മുതൽ 100 കിലോമീറ്റർ വരെ ദൂരത്തിലുള്ള നഗരസഭകളെ ക്ലസ്റ്ററുകളായി തിരിച്ച്ഓരോ ക്ലസ്റ്ററിലും സാനിറ്ററി ലാൻഡ്ഫിൽ സ്ഥാപിക്കുന്നതിന്  അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന  പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

പി.എൻ.എക്സ്. 5495/2022

date