Skip to main content
പിഴല-മൂലമ്പള്ളി കണക്ടിവിറ്റി റോഡിന്റെ നിർമാണ ഉദ്ഘാടനം കെ. എൻ ഉണ്ണികൃഷ്ണൻ എം. എൽ. എ നിർവഹിക്കുന്നു

പിഴല -മൂലമ്പിള്ളി കണക്ടിവിറ്റി റോഡ്  നിര്‍മാണം ഉടന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ  നിര്‍മാണം ഉദ്ഘാടനം നിര്‍വഹിച്ചു 

 

    കടമക്കുടി ഗ്രാമ പഞ്ചായത്തിലെ പിഴല മൂലമ്പള്ളി പാലത്തിന്റെ കണക്ടിവിറ്റി റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. റോഡിന്റെ നിര്‍മാണം ഉദ്ഘാടനം കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. 350 മീറ്റര്‍ ദൂരത്തില്‍ 9 മീറ്റര്‍ വീതിയിലാണ് കണക്ടിവിറ്റി റോഡ് നിര്‍മ്മിക്കുന്നത്. ഗോശ്രീ ഇന്‍ലാന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (ജിഡ )റോഡ് നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. 2.9 കോടി രൂപയാണ് മുതല്‍മുടക്ക്.

    വിവിധ ഘട്ടങ്ങളായാണ് റോഡ് നിര്‍മാണം നടത്താന്‍ ലക്ഷ്യമിടുന്നത്. കണ്ടെയ്‌നര്‍ റോഡില്‍ നിന്നും പിഴല ഭാഗത്തേക്കുള്ള ഏക വഴിയാണിത്. അതിനാല്‍ ഗതാഗതം നിലനിര്‍ത്തി കൊണ്ടാണ് റോഡ് നിര്‍മാണം നടത്താന്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കോക്കനട്ട് പൈലിംഗ് നടത്തി മണ്ണിട്ട് റോഡ് നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ഒരുക്കും. 25 മീറ്റര്‍ നീളത്തിലുള്ള സ്ട്രെച്ചുകളായാണ് പൈലിംഗ് നടത്തുന്നത്. ഈ ജോലികള്‍ മാര്‍ച്ചില്‍  പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ ആയിരിക്കും ടാറിങ് ഉള്‍പ്പടെ നടത്തുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റിനു ശേഷം മാത്രമേ ടാറിങ് ആരംഭിക്കു. പൈലിംഗ് നടത്തിയ ശേഷമിടുന്ന മണ്ണ് ഉറയ്ക്കാന്‍ വേണ്ടിയാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്.

    കടമക്കുടി ഗ്രാമ പഞ്ചായത്തിലെ പ്രധാന ദ്വീപുകളിലൊന്നായ പിഴലയിലേക്കുള്ള ഏക യാത്ര മാര്‍ഗമാണിത്. സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി പേരാണ് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പിഴല ഭാഗത്തേക്കെത്തുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്കും മറ്റു വികസനങ്ങള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ് അധ്യക്ഷത വഹിച്ചു. ജിഡ സെക്രട്ടറി രഘുറാം, കൗണ്‍സില്‍ അംഗം വി.വി ജോസഫ്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിബിന്‍ രാജ്, അംഗങ്ങളായ ജിയ, ലിസമ്മ ജേക്കബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date