Skip to main content
ആലുവ താലൂക്കിൽ നടന്ന സാമൂഹ്യ സന്നദ്ധ സേന  പ്രവർത്തകർക്കുള്ള ദുരന്തനിവാരണ പരിശീലന പരിപാടിയിൽ നിന്ന്.

ദുരന്തനിവാരണം: സാമൂഹ്യ സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

 

ദുരന്ത പ്രതിരോധശേഷിയുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റും സംഘടിപ്പിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള  ദുരന്തനിവാരണ പരിശീലനം ആലുവ താലൂക്കില്‍ നടന്നു. ആലുവ മുന്‍സിപ്പല്‍ പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടിയില്‍ ദുരന്തനിവാരണം, സന്നദ്ധ സേവനം, പ്രഥമ ശുശ്രൂഷ, അഗ്‌നിരക്ഷ  തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നല്‍കി.

    ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, ആലുവ താലൂക്ക് തഹസില്‍ദാര്‍ സുനില്‍ മാത്യു, ഭൂരേഖ തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രതിനിധികള്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

     ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, കൗണ്‍സിലര്‍മാര്‍, വിവിധ സാമൂഹ്യ സന്നദ്ധ സംഘടന പ്രതിനിധികള്‍, ആലുവ താലൂക്ക് ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെയും, വില്ലേജുകളിലെയും ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    ദുരന്ത പ്രതിരോധശേഷിയുള്ള ജനതയെ വാര്‍ത്തെടുക്കുക, പൊതുപ്രവര്‍ത്തനങ്ങളിലൂടെ ജനതയെ കരുത്തുറ്റതാക്കുക, വ്യക്തിജീവിതങ്ങളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹ്യ സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ദുരന്തമുഖങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടന്നത്.

date