Skip to main content

എടത്വയിലെ 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉടനെത്തും; നടപടി ജില്ല കളക്ടറുടെ അദാലത്തില്‍

ആലപ്പുഴ: കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിടലിനുണ്ടായ തടസ്സം കാരണം കുടിവെള്ളമില്ലാതെ വലയുന്ന എടത്വ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ 125 കുടുംബങ്ങള്‍ക്ക് ആശ്വസമേകുന്ന നടപടിയെടുത്ത് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. കുട്ടനാട് താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് ഈ കുടുംബങ്ങളെ പ്രതിനിധീകരിച്ച് പരാതിയുമായി കെ.എം. വര്‍ഗീസും, ബിജു ദാമോധരനും എത്തിയത്. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ശുദ്ധജലം ലഭിക്കാതെ വന്നതോടെ വീട്ടിലെ ആവശ്യങ്ങള്‍ക്കായി ദിവസവും പുറത്തു നിന്നും പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. ജില്ല പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 18.5 ലക്ഷം രൂപ അനുവദിച്ചാണ് എടത്വ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ തെക്കുഭാഗത്തെ 125 വീടുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 90 ശതമാനത്തില്‍ അധികം പ്രവൃത്തി പൂര്‍ത്തീകരിച്ച പദ്ധതി രണ്ടു മാസമായി മുടങ്ങി കിടക്കുകയാണ്. പ്രദേശവാസികളായ ചിലര്‍ തങ്ങളുടെ സ്ഥലത്തുകൂടി പൈപ്പിടാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നാണ് പദ്ധതി മുടങ്ങിയത്. 

ഇവരുടെ പ്രശ്‌നം മനസിലാക്കിയ കളക്ടര്‍ ഒരാഴ്ചക്കുള്ളില്‍ പൈപ്പ് ഇടാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകും എന്ന ഉറപ്പു നല്‍കിയാണ്  പരാതിക്കാരെ കളക്ടര്‍ മടക്കി അയച്ചത്.

date