Skip to main content

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാളെ (നവംബർ 11) ഉദ്ഘാടനം ചെയ്യും

കേരള വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ പദ്ധതി മുഖേന കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാളെ (നവംബർ 11) നിർവഹിക്കും. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനാവും.

 

2019 ൽ കേരള വാട്ടർ അതോറിറ്റി 18 കോടി രൂപ ചെലവിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെയും ജൽ ജീവൻ മിഷൻ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 11 കോടി രൂപ പദ്ധതിയുടെയും ഭാഗമായാണ് ആവശ്യപ്പെട്ട മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിച്ച് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

 

നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിലുള്ളത്. കുന്നുമ്മൽ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ഇതിനു പുറമേ ശുദ്ധജലം ലഭ്യമല്ലാത്ത പഞ്ചായത്തിലെ 20 അങ്കണവാടികളിലും 11 സ്കൂളുകളിലും മുഴുവൻ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നൽകി ജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയാണ് നിർവഹണ ഏജൻസി. സ്റ്റാർസ് കോഴിക്കോടാണ് നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിച്ചത്.

 

പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

 

date