Skip to main content

ഇവർ കളിക്കളത്തിലെ മിന്നും താരങ്ങൾ

അച്ഛനും വല്യച്ഛനും പരിശീലകര്‍; പാരമ്പര്യ ആയുധാഭ്യാസ കലയില്‍ മാറ്റ് തെളിയിച്ച് ഗോപിക

കളിക്കളം കായിക മേളയില്‍ ജൂനിയര്‍ ആര്‍ച്ചറി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോപിക കൃഷ്ണയുടെ വിജയത്തിന് തിളക്കം അല്പം കൂടുതലാണ്.  ആര്‍ച്ചറി പരിശീലനത്തെ കുറിച്ച് ഗോപികയ്ക്ക് പറയാനുള്ളത് പാരമ്പര്യം ഇഴ ചേര്‍ന്ന കഥകളാണ്. അച്ഛന്‍ ഗോപാലകൃഷ്ണന്റെയും വല്യച്ഛന്‍ ഗംഗാധരന്റെയും കൈപിടിച്ച് തന്റെ ഒന്‍പതാം വയസിലാണ് ഗോപിക  അമ്പെയ്ത്ത് പരിശീലനം തുടങ്ങിയത്. തെറോ ബാന്റില്‍ നിന്നും പ്രൊഫഷണല്‍ അമ്പും വില്ലും കൈയിലേന്താന്‍ ഗോപികയ്ക്ക് സഹായമായത് പാരമ്പര്യത്തിന്റെയും പരിശീലനത്തിന്റെയും  സമന്വയം. വയനാട് കമ്പക്കാട് സ്വദേശിനിയായ ഈ മിടുക്കിക്ക് നാടും പൂര്‍വികരും  നല്‍കിയ ഊര്‍ജം, കളിക്കളം കായിക മേളയില്‍ കൂട്ടായി എന്നതില്‍ സംശയമില്ല. കണിയാമ്പറ്റ ജി.എം.ആര്‍ .എസ്  സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗോപിക.

മൂന്നാം തവണയും ഒന്നാമതായി  ആദിത്യ

ജെ.എം.ആര്‍.എസ് കല്‍പ്പറ്റയിലെ ആദിത്യ മൂന്നാം തവണയാണ് കളിക്കളത്തില്‍ മത്സരിക്കുന്നത്. ഒന്നാം സ്ഥാനം നേടി തന്നെയായിരുന്നു മടക്കം. ഇത്തവണ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ ഒന്നാം സ്ഥാനം നേടി. 2018, 2019 വര്‍ഷങ്ങളില്‍ ലോങ് ജംപിനും ഹൈ ജംപിനും ഒന്നാം സ്ഥാനവും  ഷട്ടിലിന് രണ്ടാം സ്ഥാനവും നേടിയിരുന്നു.  2019 ലെ സംസ്ഥാന കായിക മേളയില്‍ ഹഡില്‍സില്‍ അഞ്ചാം സ്ഥാനം നേടിയതും ആദിത്യ തന്നെ. കായിക മത്സരങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നും ഒളിംപിക്‌സില്‍ പങ്കെടുക്കണമെന്നുമാണ് ആദിത്യയുടെ ആഗ്രഹം. വയനാട് മീനങ്ങാടി സ്വദേശിനിയാണ്.

കോച്ചും വിന്നറും ഞാന്‍ തന്നെ :- ഡിസ്‌കസ് ത്രോ യില്‍ ഒന്നാം സ്ഥാനം നേടി അമ്പിളി സി

നീണ്ട നാളത്തെ സ്വയം പരിശീലനവും സെല്‍ഫ് മോട്ടിവേഷനും അമ്പിളിയ്ക്ക് നേടി കൊടുത്തത് സ്വര്‍ണ തിളക്കം. അട്ടപ്പാടി എം ആര്‍എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ടുനേരവും വാശിയോടെ പരിശീലനം ചെയ്യുന്ന ഈ മിടുക്കിയുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം. അട്ടപ്പാടി ആനക്കല്ല് സ്വദേശിയായ അമ്പിളി പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

കളിക്കളത്തിലെ ആദ്യ ചുവട് വിജയകരമാക്കി വിച്ചു വിനോദ്

സീനിയര്‍ ബോയ്‌സ് വിഭാഗം ജാവലില്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം വിച്ചു വിനോദ് കരസ്ഥമാക്കി. വടശേരിക്കര എം.ആര്‍.എസ് സ്‌കൂളിലെ പ്ലസ്ടു  വിദ്യാര്‍ഥിയായ വിച്ചു ഇടുക്കി കണ്ണാപടി സ്വദേശിയാണ്. കായിരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ് കളിക്കളത്തില്‍ നിന്നായതിന്റെ മധുരവും ഈ വിജയത്തിന് പിന്നിലുണ്ട്.  ആല്‍ബര്‍ട്ട് അലോഷ്യസാണ് വിച്ചുവിന്റെ പരിശീലകന്‍.

date