Skip to main content

വേലിയേറ്റ കലണ്ടർ പുറത്തിറക്കി

 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലുണ്ടാകുന്ന വേലിയേറ്റം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള 'വേലിയേറ്റ കലണ്ടർ' പുറത്തിറക്കി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ശില്പശാലയിൽ അസിസ്റ്റന്റ് കളക്ടർ (യു.ടി) ഹർഷിൽ ആർ.മീണ കലണ്ടർ പ്രകാശനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്  രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. 

തീരദേശ ജനവിഭാഗങ്ങളെ ബാധിക്കുന്ന ആഗോളതാപനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കുന്ന 
ഇക്വിനോക്‌ട് (equinoct) എന്ന ഏജൻസിയാണ് വേലിയേറ്റ കലണ്ടർ വികസിപ്പിച്ചത്. തീരദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 10,000 കുടുംബങ്ങൾക്ക് ഈ കലണ്ടർ വിതരണം ചെയ്യും.

സന്നദ്ധ പ്രവർത്തകരായ ആദിശങ്കര കോളേജിലെ എൻ.എസ്.എസ് വൊളണ്ടിയർമാർ തീരദേശവാസികളെ അവരുടെ കണ്ടെത്തലുകൾ കലണ്ടറിൽ രേഖപ്പെടുത്താൻ സഹായിക്കും. ഇതിനായി എൻ.എസ്.എസ് വൊളണ്ടിയർമാർക്ക് കലണ്ടറിൽ വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. 

ചടങ്ങിൽ ദുരന്ത നിവാരണ ഡപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ,  ആദിശങ്കര കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജോജു എം.ഐസക്,  എൻ.എസ്.എസ് കോ ഓർഡിനേറ്റർ സിജോ ജോർജ്,  അധ്യാപകരായ ദീപാ ശങ്കർ, അനിത തോമസ്, പി.സി അനീസ്, ഇക്വിനോക്ട് സി.ഇ.ഒ സി.ജി. മധുസൂദനൻ, മാനേജിംഗ് ഡയറക്ടർ സി.ജയരാമൻ, ഗവേഷണ ഡയറക്ടർ കെ.ജി. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

date