Skip to main content

സ്‌കൂൾ ശാസ്‌ത്ര മേളയിലെ വിജയികൾക്ക് പ്രത്യേക പരിശീലനം നൽകും : മന്ത്രി പി.രാജീവ് 

 

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലെ വിജയികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് വ്യവസായ വകുപ്പ്‌ മന്ത്രി പി.രാജീവ്. മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയുംകയായിരുന്നു അദ്ദേഹം. 

ഭാവിയിലേക്ക് ഉപകരിക്കുന്ന പല കണ്ടുപിടുത്തങ്ങളും ശാസ്ത്ര മേളയിൽ ഉണ്ടായിട്ടുണ്ട്. നൂതന ആശയങ്ങൾ അവതരിപ്പിച്ച് മേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് കളമശ്ശേരി മേക്കർ വില്ലേജിൽ പ്രത്യേക പരിശീലനം നൽകും. 

പാഠ്യപദ്ധതിയിൽ സംരംഭകത്വം ഒരു പഠന വിഷയമായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നൂതന ആശയം കൈവശമുള്ള വിദ്യാർത്ഥികൾക്ക് വരെ സംരംഭം തുടങ്ങാൻ കഴിയുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തിന്റെ വളർച്ചയിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ നൽകിയ സംഭാവനകൾ വലുതാണെന്ന് മേളയുടെ സമ്മാനദാനം നിർവഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള നൂതന ശാസ്‌ത്ര ശാഖകൾക്ക് കൂടി സ്കൂൾ പാഠ്യപദ്ധതിയിൽ ഇടം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ. എം.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി മേളയുടെ സുവനീർ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു മേളയുടെ അവലോകനം നടത്തി. പി.വി ശ്രീനിജിൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, വാർഡ് കൗൺസിലർ സുധ ദിലീപ്, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സി.എസ്‌ സന്തോഷ്, എം. കെ ഷൈന്‍ മോന്‍, 
വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഹണി .ജി. അലക്സാണ്ടര്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ കരീം, 
വൊക്കേഷണൽ ഹയർ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, മേളയുടെ സ്വീകരണ കമ്മിറ്റി കൺവീനർ എം. ജോസഫ് വർഗീസ്, അധ്യാപക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

date