Skip to main content

സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി

 

സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. തൃക്കരിപ്പൂർ മണ്ഡലത്തിലെ കമ്പല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് സൗകര്യം ഒരുക്കും. കോവിഡ് കാലത്ത് മറ്റുള്ളവർ മടിച്ച് നിന്നപ്പോ സ്കൂളുകൾ തുറന്ന് പരീക്ഷകൾ നടത്താൻ കേരളത്തിനായി. കേരളത്തിൽ ദിവസേനയെന്നോണം സ്കൂൾ കെട്ടിടങ്ങൾ തുറക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്ത് ഇത്രയും ചെറിയ കാലഘട്ടത്തിൽ ഇത്രയധികം സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നത് ചരിത്രമാണ്. കേരളത്തിന്റെ ഭാവി കുട്ടികളിലാണ്. ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടങ്ങളിൽ തക്കോൽ സ്ഥാനങ്ങളിൽ ഒരു മലയാളി ഉണ്ടാകും. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം മികച്ചതാകണം. ഓരോ കുട്ടിയുടെയും രക്ഷാകർത്താവായി അധ്യാപകർ മാറണം. കേരളത്തിലെ 47 ലക്ഷം കുട്ടികളേയും സർ ക്കാർ ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

എം. രാജഗോപാലൻ എം എൽ എ അധ്യക്ഷനായി.  കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ് മോഹൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തംഗം വി.പി. സതീദേവി, നബാർഡ് എഡിഎം കെ.ബി. ദിവ്യ, കണ്ണൂർ ആർ ഡി ഡി പി.വി. പ്രസീത, ചിറ്റാരിക്കാൽ എ ഇ ഒ എം.ടി. ഉഷാകുമാരി, കെ.ഡി. മാത്യു മാസ്റ്റർ, പിടിഎ പ്രസിഡന്റ് കെ.എസ്. ശ്രീനിവാസൻ, എസ്.എം.സി ചെയർമാൻ ഷിജു കൊട്ടാരത്തിൽ, മദർ പിടിഎ ചെയർപേഴ്സൺ വിൻസി ബിജു, സ്റ്റാഫ് സെക്രട്ടറി ടി.എ. നസീബ, സ്കൂൾ പാർലമെന്റ് ചെയർമാൻ കെ.വി. പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി.പി. പ്രസാദ് സ്വാഗതവും ഹെഡ്മിസ്ട്രസ് ബെറ്റി ജോർജ് നന്ദിയും പറഞ്ഞു. പൊതു മരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി. എം. യമുന, ഈസ്റ്റ് എളേരി എൽ എസ് ജിഡി എൻജിനിയർ ശ്രീഹരി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. 

കാസർകോട് വികസന പാക്കേജിലെ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച യുപി വിഭാഗത്തിനുള്ള കെട്ടിടവും കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തിനൊപ്പം എംഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി നിർമ്മിച്ച 2.45 കോടി രൂപയുടെ കെട്ടിടവുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

date