Skip to main content

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു: മന്ത്രി വി ശിവന്‍ കുട്ടി ''വിദ്യാര്‍ഥികളെ പറയൂ''- സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്ത് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ന്ററി തലം വരെയുള്ള പാഠ്യപദ്ധതിയുടെ പരിഷ്‌കരണ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ്യാര്‍ഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയായ വിദ്യാര്‍ത്ഥികളെ പറയൂ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി രണ്ട് കമ്മിറ്റികളും 26 ഫോക്കസ് ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചുവരികയാണ്. 2007 ല്‍ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുശേഷം ഇപ്പോഴാണ് സമഗ്രമായ ഒരു പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പാഠപുസ്തക പരിഷ്‌കരണ പ്രക്രിയ പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം എടുക്കും. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലാദ്യമായിട്ടാണ് വിദ്യാര്‍ഥികളോടും രക്ഷാകര്‍ത്താക്കളോടും നാട്ടുകാരോടും അഭിപ്രായം ആരായുന്നത്. വളരെ ക്രിയാത്മകവും പ്രായോഗികവുമായിട്ടുള്ള അഭിപ്രായങ്ങളാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. ക്ലാസില്‍ ഒരു വിഷയം അധ്യാപിക അവതരിപ്പിച്ച ശേഷം ഇത് സംബന്ധിച്ച് ക്ലാസില്‍ കൂട്ടായ ചര്‍ച്ച വെക്കണമെന്ന വിദ്യാര്‍ഥികളുടെ അഭിപ്രായം പുതിയ കാര്യമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ലിംഗസമത്വം, ബഹുസ്വരത മതസ്വാതന്ത്ര്യം മൂല്യബോധം,  ഭരണഘടനാ സംരക്ഷണം, ക്യാന്‍സര്‍ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍, കായികരംഗം ഇവയൊക്കെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കഴിഞ്ഞ കാലങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതികസാഹചര്യ വികസനത്തിലാണ് സര്‍ക്കാര്‍  ഊന്നല്‍ നല്‍കിയിരുന്നത് എങ്കില്‍ ഇന്ന്  അക്കാദമിക് ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അതിന് നല്ല പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ പാഠ്യപദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരേയും പങ്കെടുപ്പിക്കാനാണ്  ശ്രമിക്കുന്നത്. വിവിധ തലങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പുതിയ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും, പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന്റെ ഭാഗമാകാന്‍ പോകുന്നു. ലോകത്തില്‍തന്നെ ആദ്യമായിട്ടായിരിക്കും സ്‌കൂള്‍ കുട്ടികളെകൂടി പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയുടെ ഭാഗമാക്കുന്നത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്മുറികളില്‍ ഈ ചര്‍ച്ച നടക്കുന്നുണ്ട്.  നമ്മുടെ കുട്ടികള്‍ക്ക് അവരുടെതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുകയാണ്.

ഈ അഭിപ്രായങ്ങള്‍ സ്‌കൂള്‍തലത്തിലും ബി.ആര്‍.സി. തലത്തിലും ക്രോഡീകരിച്ചതിനുശേഷം എസ്.സി.ഇ.ആര്‍.ടിക്ക് കൈമാറും. നവീനമായ ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പരിഗണിക്കും. നമ്മുടെ ലോകം നിരന്തരം മാറികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലവുമാണ്. പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യവുമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാം. ഒരുമിച്ച് പ്രവര്‍ത്തിച്ച് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി മികച്ച പാഠ്യപദ്ധതി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങളെ ദേശീയതലത്തില്‍ തന്നെ അംഗീകരിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവസാനമായി പ്രസിദ്ധീകരിച്ച പെര്‍ഫോമന്‍സ് ഗ്രേഡിങ്ങ് ഇന്‍ഡക്സില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഈ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിച്ച ഏവരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

date