Skip to main content

സംസ്ഥാനത്തെ എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും മോഡല്‍ പ്രീ സ്‌കൂള്‍ ആക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ പ്രൈമറികള്‍ ആകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദേശരാജ്യങ്ങളിലേതു പോലെ ഉന്നത നിലവാരമുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് ഉന്നത യോഗ്യതയുള്ള അധ്യാപകര്‍ അനിവാര്യമാണന്നും പൊതു വിദ്യാലയങ്ങള്‍ നാടിന്റെ ഹൃദയ സ്പന്ദനമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മോഡല്‍ പ്രീപ്രൈമറി സ്‌ക്കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. കുട്ടികള്‍ക്കായുള്ള പാര്‍ക്കിന്റെ  ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. വിവിധ പ്രവര്‍ത്തന മൂലകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് കെ.രമണി നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു പെര്‍ഫോമന്‍സ് ഇടം ഉദ്ഘാടനം ചെയ്തു. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മോഡല്‍ പ്രീ സ്‌കൂളില്‍ ആകര്‍ഷകമായ ശില്പങ്ങള്‍ നിര്‍മ്മിച്ച അരുണ്‍ രാജിന് മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു.

കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡല്‍ പ്രീ സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ശാസ്ത്രീയ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രീതിയിലാണ് ക്ലാസ് മുറികളും പ്രവര്‍ത്തനയിടങ്ങളും ഒരുക്കിയിട്ടുള്ളത്. ആറ് സ്മാര്‍ട്ട് ക്ലാസ് മുറി, കവാടം, ഏറുമാടം, ഏഴ് പഠന മൂലകള്‍, നിരവധി കളിക്കോപ്പുകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്ക്,  ചുമര്‍ ചിത്രം, ടിവി, രണ്ട് അലമാരകള്‍, പഠന സഹായ ചാര്‍ട്ട്, ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പാര്‍ക്കിലേക്കുള്ള നടപാതയും നിര്‍മിച്ചു. പ്രധാന കവാടത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍  കൃത്രിമമായി ജിറാഫ്, പൂകൂടയും ഒരുക്കിയിട്ടുണ്ട്. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലായി 202 കുട്ടികളാണുള്ളത്.

എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡി.നാരായണ പദ്ധതി വിശദീകരിച്ചു. കുണ്ടംകുഴി ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാല്‍ കെ.രത്‌നാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ വി.ഇ.ആര്‍.ഉദയകുമാരി, ഡയറ്റ് കാസര്‍കോട് പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജ് ഡോ.വിനോദ് കുമാര്‍ പെരുമ്പള, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശശി, ഡി.പി.ഒ. കെ.പി.രഞ്ജിത്ത്, എ.ഇ.ഒ അഗസ്റ്റിന്‍ ബെര്‍ണാഡ്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.വരദരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി, ഡി.പി.സി. സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി.ഗോപാലന്‍, ബി.എല്‍.നൂര്‍ജഹാന്‍, ഡി.വത്സല, പി.ശാന്തകുമാരി, ബി.പി.സി.ടി പ്രകാശന്‍, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി പി.ടി.എ. പ്രസിഡന്റ് എം.മാധവന്‍, എസ്.എം.സി. ചെയര്‍മാന്‍ പി.കെ.ഗോപാലന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പ്രസീത ശശി, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ഹാഷിം, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം എം.അനന്തന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ കെ.മുരളീധരന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, എം.ജനാര്‍ദ്ദനന്‍, മോഡല്‍ പ്രീ സ്‌കൂള്‍ നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ സുരേഷ് പായം, സ്റ്റാഫ് സെക്രട്ടറി സി.പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ സ്വാഗതവും മോഡല്‍ പ്രീ സ്‌കൂള്‍ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ.അശോകന്‍ നന്ദിയും പറഞ്ഞു.
 

date