Skip to main content
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്  ഉദ്ഘാടനം ചെയ്യുന്നു.

ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്  ബോധവത്കരണ വാരാചരണം സമാപിച്ചു 

 

    ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്-എ.എം.ആര്‍(മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധം) ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാതല എ.എം.ആര്‍ റിസര്‍ച്ച് ലാബിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ രേണു രാജ് നിര്‍വഹിച്ചു. 

   
   കൃത്യമായ ബോധവത്കരണത്തിലൂടെ ആന്റിബയോട്ടിക്കിനെ കുറിച്ചും അവയുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കും വിവരങ്ങള്‍ നല്‍കുക എന്നതാണ് ഈ ക്യാംപയ്‌നിലൂടെ ലക്ഷ്യമിട്ടതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്ന ജില്ലയാണ് എറണാകുളമെന്നും കളക്ടര്‍ പറഞ്ഞു. 

   സമാപന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രി അങ്കണത്തില്‍ ഫ്‌ളാഷ് മോബ് നടത്തി. വാരാചരണത്തിന്റെ ഭാഗമായി നടന്ന പോസ്റ്റര്‍ മത്സരത്തിലെ പോസ്റ്റുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.  വാരാചരണത്തില്‍ പ്രധാന പങ്കാളിത്തം വഹിച്ച ഡോക്ടര്‍മാരെ അനുമോദിച്ചു. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍, ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് കളക്ടര്‍ സമ്മാനങ്ങള്‍ നല്‍കി. 

    എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം.ആര്‍ സര്‍വൈലന്‍സ് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ശിവപ്രസാദ്  വിഷയാവതരണം നടത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീദേവി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആശ കെ.ജോണ്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജിത്ത് ജോണ്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.വിവേക് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ.കെ ആശ, കുഫോസ് നോഡല്‍ ഓഫീസര്‍ ഡോ.ദേവിക പിളള, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.മഞ്ജു സോമന്‍, ജനറല്‍ ആശുപത്രി പീഡിയാട്രിക്‌സ് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.അനില്‍കുമാര്‍, ജനറല്‍ ആശുപത്രി ഡെന്റല്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.സുജിത്ത് ഹര്‍ഷന്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ രാജമ്മ, ജനറല്‍ ആശുപത്രി മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ആര്യ ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

എന്താണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്?

  ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന 10 പ്രധാന പൊതുജനാരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ്, ഫംഗസ്, ബാക്റ്റീരിയ തുടങ്ങിയ രോഗാണുക്കളില്‍ കാലക്രമേണ മാറ്റമുണ്ടാകുകയും രോഗചികിത്സയില്‍ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്.  ഇതുമൂലം രോഗചികിത്സ ഫലപ്രദമാകാതിരിക്കാം. കൂടാതെ രോഗം പടരുന്നതിനും ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും സാധ്യത കൂടാം.  
    'മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധത്തിനെതിരെ ഒന്നിക്കാം' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം. 2023ല്‍ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എ.എം.ആര്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. എ.എം.ആര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ഈ കമ്മിറ്റിയില്‍ 12 നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു. ആശുപത്രി തലത്തിലുള്ള അണുബാധാ നിയന്ത്രണത്തിനും ആന്റി ബയോട്ടിക്കുകളുടെ യുക്തി സഹജമായ ഉപയോഗത്തെപ്പറ്റി പൊതുജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ബോധവത്കരിക്കാന്‍ ജില്ലാതലത്തില്‍ എ.എം.ആര്‍ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും 11 ജില്ലകളില്‍ കമ്മിറ്റി രൂപികരിക്കുകയും ചെയ്തു. ഇതുകൂടാതെ എറണാകുളം ജില്ലയില്‍ ബ്ലോക്ക് ലെവല്‍  എ.എം.ആര്‍ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

   ചികിത്സയുമായി ബന്ധപ്പെട്ട് ചെറിയ ആശുപത്രികളെയും വലിയ ആശുപ്രതികളെയും ബന്ധിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമായ ഹബ് ആന്റ് സ്‌പോക്ക് മോഡലിലൂടെ ജില്ലയിലെ നവജാത ശിശുക്കളിലും മുതിര്‍ന്നവരിലുമുള്ള അണുബാധ തിരിച്ചറിയുന്നതിനും ആന്റി ബയോട്ടിക്ക് റസിസ്റ്റന്‍സിന്‍െ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരിലും പൊതു ജനങ്ങളിലും ബോധവത്കരണം നടത്തുന്നതിനും ഇതു സഹായമായി.

date