Skip to main content
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന പദ്ധതിയായ  നൈപുണ്യ നഗരം പരിശീലന ക്യാമ്പിൽ നിന്ന് .

നൈപുണ്യ നഗരം പദ്ധതിക്ക്  ജില്ലയിൽ തുടക്കമായി, 4750 പേർക്ക് പ്രയോജനം ലഭിക്കും

 

മുതിർന്ന പൗരൻമാർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്ന നൈപുണ്യ നഗരം പദ്ധതിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. 82 ഗ്രാമപഞ്ചായത്തുകളിലും 13 നഗരസഭകളിലുമായി 4750 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

ജില്ലാതല ഉദ്ഘാടനം വരാപ്പുഴ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ നിർവഹിച്ചു. ദൈനംദിന ജീവിതം ഡിജിറ്റലിലേക്ക് മാറിയ സാഹചര്യത്തിൽ മുതിർന്ന പൗരൻമാർക്ക് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യാനുതകുന്ന ഡിജിറ്റൽ സാക്ഷരതാ പരിശീലനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ജില്ലയിൽ വിസ്മയകരമായ മാറ്റം കൊണ്ടുവരാൻ പദ്ധതിയിലൂടെ സാധിക്കും. സാധാരണക്കാർക്ക് കൂടി ഡിജിറ്റൽ പരിചയം ഉണ്ടാകുന്ന തരത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം. മുതിർന്ന ജനപ്രതിനിധികളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഡിജിറ്റൽ സൗകര്യങ്ങളിലൂടെ വലിയ മാറ്റവും വേഗതയും ഉണ്ടാകും. ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം  ഒഴിവാകും.സാധാരണക്കാർക്ക് ആരുടേയും സഹായമില്ലാതെ ഓൺലൈനിലൂടെ അവരുടെ കാര്യങ്ങൾ ചെയ്യാനാകും എന്നതും പദ്ധതിയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ സജ്ജീകരിച്ച  നൈപുണ്യ നഗരം ക്യാമ്പും വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. 10 ദിവസമായിരിക്കും ഓരോ കേന്ദ്രത്തിലും ക്ലാസുകൾ നടക്കുക.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പദ്ധതി ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ജില്ലയാണ് എറണാകുളമെന്നും വരുന്ന മാർച്ച് മാസത്തോടുകൂടി മുഴുവൻ ആളുകൾക്കും പരിശീലനം പൂർത്തിയാക്കാനാകുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.

ആലുവ നഗരസഭാ അധ്യക്ഷൻ എം.ഒ ജോൺ, ഏലൂർ നഗരസഭാ അധ്യക്ഷൻ എ.ഡി സുജിൽ, തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  എം.ജെ ജോമി, അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, ഷാരോൺ പനക്കൽ, എ.എസ്. അനിൽകുമാർ, അനിമോൾ ബേബി, ആലങ്ങാട് ബ്ലോക്ക് മെമ്പർ റാണി മത്തായി, ജില്ലാ ആസൂത്രണ സമിതി അംഗം എ.എസ് അനിൽ കുമാർ,  വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.പി പോളി, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് ജില്ലാ കോർഡിനേറ്റർ മധു കെ. ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.

എന്താണ് നൈപുണ്യ നഗരം പദ്ധതി ? 

ജില്ലയില മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക്  ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിനാണ് പദ്ധതിയുടെ ഏകോപന ചുമതല. ഐ.എച്ച്.ആര്‍.ഡിയുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളിലെ 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കും. 41.30 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 38 ലക്ഷം രൂപ പ്രാദേശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. ഏകോപനത്തിന്റെ ചെലവായ 3.30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വിഹിതം.

ജില്ലാ ആസൂത്രണ സമിതി, ജില്ലാപഞ്ചായത്ത്, നഗരസഭകൾ,  ഗ്രാമപഞ്ചായത്തുകൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

date