Skip to main content
ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

ക്ഷീര മേഖലയെ 'കൃഷിക്കൊപ്പം' പദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി പി.രാജീവ് ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം

 

'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതിയിൽ ക്ഷീര മേഖലയെ കൂടി ഉൾപ്പെടുത്തുമെന്ന് വ്യവസായ  വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പാലിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ കർഷകർക്ക് നല്ല ലാഭം കിട്ടും. അതുകൊണ്ടു തന്നെ ഒരുപാട് ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്നും അതൊരു ശുഭ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
 
ഈ സംരംഭക വർഷത്തിൽ ഇതുവരെ രണ്ടു ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്. ഇതിൽ നാലിൽ ഒരു ഭാഗം സ്ത്രീകളാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ മേഖലയിലും മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡ് കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ആലങ്ങാട് ശർക്കര തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

മനയ്ക്കപ്പടി എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടിയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.  ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു, വരാപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുറാണി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, മനയ്ക്കപ്പടി ക്ഷീരസംഘം പ്രസിഡന്റ് അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട്, ആലങ്ങാട് ക്ഷീര വികസന ഓഫീസർ വി. അനു മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ ക്ഷീരസംഘം പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

28 വർഷം പൂർത്തീകരിച്ച സംഘം പ്രസിഡന്റിനെ ആദരിക്കൽ, ആതിഥേയ സംഘത്തെ ആദരിക്കൽ, ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘത്തിനുള്ള ആദരം, ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ പദ്ധതി ധനസഹായ വിതരണം, ക്ഷീരസംഘങ്ങളിൽ കൂടുതൽ പാൽ അളന്ന കർഷകർക്കുള്ള അവാർഡ് ദാനം, 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ക്ഷേമനിധി അംഗങ്ങളെ ചേർത്ത ക്ഷീരസംഘത്തിനുള്ള അവാർഡ് ദാനം, മികച്ച ഗുണമേൻമയുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തിനുള്ള അവാർഡ്ദാനം, മുതിർന്ന ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി ക്വിസ് വിജയികൾക്കുള്ള അവാർഡ്ദാനം എന്നിവയും ചടങ്ങിൽ നടന്നു.

ക്ഷീര സംഗമത്തിൻ്റെ ഭാഗമായി മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളുടെ നിർമ്മാണം, ഭക്ഷ്യസുരക്ഷാ നിയമവും ക്ഷീര കർഷകരും എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങൾ, എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയൻ, ആത്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മനയ്ക്കപ്പടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചത്.

date