Skip to main content

പനങ്ങാട് റോട്ടറി ജലോത്സവം ഞായറാഴ്ച : ഒരുക്കങ്ങൾ പൂർത്തിയായി

 

കുമ്പളം ഗ്രാമപഞ്ചായത്തിന്റെയും റോട്ടറി ക്ലബ്‌ ഓഫ് കൊച്ചി സൗത്തിന്റെയും തണൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പനങ്ങാട് കായലിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച (നവംബർ 27) ന് ഉച്ചക്ക് 2 ന് എ.എം.ആരിഫ് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്യും.

 കുമ്പളം പഞ്ചായത്തിനെ ടൂറിസം ഭൂപടത്തില്‍ എത്തിക്കുക, കായല്‍ സംരക്ഷിക്കുക, നാടിന്റെ കൂട്ടായ്മ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ്  പനങ്ങാട് റോട്ടറി  ജലോത്സവം സംഘടിപ്പിക്കുന്നത്. 

ഒൻപത് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും, ഒൻപത് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും നാലു ചുണ്ടൻ വള്ളങ്ങളും ജലോത്സവത്തിൽ അണിനിരക്കും.

ജലോത്സവത്തിന്റെ ഭാഗമായി കായലിന്റെ ശുചീകരണം പൂർത്തിയായി. കായലിലെ പായലും പോളകളും  മരക്കുറ്റികളും നീക്കം ചെയ്തു. മാടവന മുതൽ പനങ്ങാട് വരെയുള്ള ചുമർ ചിത്ര രചനയും  പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച കുടുംബശ്രീ ഭക്ഷ്യ മേളയും ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. മിനി മാരത്തൺ, സംഗീത നിശ, കലാപരിപാടികൾ എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കെ.ബാബു എം.എൽ.എ അധ്യക്ഷത വഹിക്കും. ക്രൈം ബ്രാഞ്ച് എസ്.പി  കെ.കെ അജി, സി.ആർ.പി.എഫ് കമാൻഡന്റ് പി. മനോജ്‌ കുമാർ, റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ എന്നിവർ മുഖ്യതിഥികളാകും. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ കെ. പി.കാർമ്മിലി, ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 5.30നാണ് സമാപന സമ്മേളനം.

date