Skip to main content

ചേർത്തുപിടിക്കലിന് മാതൃക തീർത്ത് ഓർക്കട്ടേരിയിലെ ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ

സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും പരിഗണനയും അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വടകര ഓർക്കട്ടേരിയിൽ പ്രവർത്തിക്കുന്ന ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ. ഭിന്നശേഷിക്കാരായ ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ് ഈ സെന്റർ.

 

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി, അവർക്ക് ആവശ്യമായ ചികിത്സ, പുനരധിവാസ സേവനങ്ങൾ എന്നിവ സൗജന്യമായി നൽകുന്ന സ്ഥാപനമാണ് കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററെന്ന സിഡിഎംസി. എനേബ്ലിങ് കോഴിക്കോടിന്റെ ഭാഗമായി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ഓർക്കട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 2021 നവംബറിലാണ് സ്ഥാപനം ആരംഭിച്ചത്.

 

4 നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സിഡിഎംസിയുടെ പ്രധാന ഗുണഭോക്താക്കൾ. 

നിലവിൽ വടകര ബ്ലോക്ക് പരിധിയിൽ നിന്നുള്ള 96 കേസുകളും മറ്റ് ബ്ലോക്കുകളിൽ നിന്നുള്ള 21 കേസുകളുമാണ് സിഡിഎംസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ ഏറാമല പഞ്ചായത്തിൽ നിന്നാണ്. 19 കേസുകൾ പൂർണമായും 27 കേസുകൾ 50 ശതമാനത്തിൽ കൂടുതലായും പുരോഗതി നേടിയിട്ടുണ്ട്. ഇതുവരെ 22 കേസുകൾ സിആർസി പോലുള്ള ഉയർന്ന സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

 

സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നീ സേവനങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ വ്യക്തിഗത സെഷനുകളും ഗ്രൂപ്പ് സെഷനുകളും കുട്ടികൾക്ക് നൽകുന്നുണ്ട്. ശരാശരി 8 കേസുകളാണ് പ്രതിദിനം ഇവിടെ കൈകാര്യം ചെയ്യുന്നത്.

 

 

 

 

 

 

date