Skip to main content

തിരുവള്ളൂർ വി വി കൃഷ്ണൻ മാസ്റ്റർ ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബർ 27)

 

 ആയിരങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ തിരുവള്ളൂർ വി വി കൃഷ്ണൻ മാസ്റ്റർ ഗവ എൽപി സ്കൂളിന് പുതിയ കെട്ടിടം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഇന്ന് (നവംബർ 27) വൈകിട്ട് 3 മണിക്ക് ഉദ്‌ഘാടനം ചെയ്യും. 65 വർഷം പഴക്കമുള്ള സ്കൂളിന്റെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി 2020- 21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനസർക്കാർ നീക്കിവെച്ച ഫണ്ടിൽനിന്നും 90 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രണ്ടു നിലകളിലായി 6 ക്ലാസ് മുറികളും ശുചിമുറിയും അടങ്ങുന്നതാണ് കെട്ടിടം.

 അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, വൈസ് ചെയർപേഴ്സൺ കെ ആർ ജൈത്രൻ, വിദ്യാഭ്യാസ ഡയറക്ടർ ടിവി മദനമോഹനൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരേയും കരാറുകാരേയും നഗരസഭ വൈസ്ചെയർമാൻ കെ ആർ ജൈത്രൻ ആദരിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേയും നവഭാരതശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റേയും ഛായാചിത്രങ്ങൾ യഥാക്രമം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷീല പണിക്കശ്ശേരി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ എന്നിവർ അനാഛാദനം ചെയ്യും.

date