Skip to main content

ജില്ലാ കലോത്സവം; അക്ഷര നഗരിയില്‍ ഇനി കലയുടെ അഞ്ച് ദിനങ്ങള്‍

തിരൂര്‍ ആതിഥേയത്വം വഹിക്കുന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഡിസംബര്‍ രണ്ട് വരെ 16 വേദികളിലായി കലാ കൗമാരം മാറ്റുരക്കുന്ന മേളയുടെ ഉദ്ഘാടനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന വേദിയില്‍ വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ഡോ. കെ.ടി ജലീല്‍, പി. നന്ദകുമാര്‍, കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

രാവിലെ ഒമ്പത് മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. വിവിധ വേദികളിലായി ബാന്റ് മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവ നടക്കും. കൂടാതെ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസില്‍ 23 ഹാളുകളിലായി ഓഫ്സ്റ്റേജ് മത്സരങ്ങളും നടക്കും. ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായി വെബ്‌സൈറ്റ്, ആപ്പ് സംവിധാനം കൂടാതെ പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് ആയിരത്തോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള ഊട്ടുപുര എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

 

ഫലമറിയാം ആപ്പിലൂടെ

 

മത്സരഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനായാണ് കലോത്സവം എന്ന പേരില്‍ ആന്‍ഡ്രോയിഡ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. www.kalolsavam.nte എന്ന വെബ്‌സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ വെബ്‌സൈറ്റിലൂടെയും ഫലമറിയാന്‍ സാധിക്കും.

 

റജിസ്‌ട്രേഷന്‍ കിറ്റ് വിതരണം ചെയ്തു

 

റവന്യൂ ജില്ലാ കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ ഉദ്ഘാടനം ചെയ്തു. കിഴിശ്ശേരി, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, എടപ്പാള്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, പൊന്നാനി, താനൂര്‍, തിരൂര്‍, വേങ്ങര, അരീക്കോട്, മേലാറ്റൂര്‍, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങി 17 സബ് ജില്ലകളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുക്കുന്ന പ്രതിഭകള്‍ക്കുള്ള പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍, ബാഡ്ജുകള്‍ എന്നിവ അടങ്ങിയ റജിസ്‌ട്രേഷന്‍ കിറ്റ് അതത് സബ് ജില്ലാ കമ്മറ്റികള്‍ക്ക് കൈമാറി. റജിസ്‌ട്രേഷന്‍ സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ ചേറോട്ടില്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ് മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ ഷാനവാസ്, തിരൂര്‍ ഡി.ഇ.ഒ പ്രസന്ന, കണ്‍വീനര്‍ ടി.എസ് ഡാനിഷ് എന്നിവര്‍ സംസാരിച്ചു.

 

date