Skip to main content

മുക്കട്ട ഗവ. എൽ.പി. സ്കൂൾ കെട്ടിടവും സ്ഥലവും സർക്കാർ ഉടമസ്ഥതയിലാണെന്ന് പ്രഖ്യാപിക്കണം -ബാലാവകാശ കമ്മീഷൻ

നിലമ്പൂർ മുക്കട്ട ഗവ. എൽ.പി. സ്കൂൾ കെട്ടിടവും അനുബന്ധ സ്ഥലവും സർക്കാരിൽ നിക്ഷിപ്തമായതും പൂർണ ഉടമസ്ഥതയിലും കൈവശത്തിലുമാണെന്ന് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസം, റവന്യൂ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്സൺ കെ. വി മനോജ്കുമാർ കമ്മീഷൻ അംഗം സി. വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂൾ കെട്ടിടവും സ്ഥലവും കൈക്കലാക്കുന്നതിനു സർക്കാർ രേഖകളിൽ കൃത്രിമം നടത്തിയതായതു സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം.

1936 ൽ പ്രവർത്തനം ആരംഭിച്ചതാണ് മുക്കട്ട ഗവ. എൽ.പി. സ്കൂൾ. കെട്ടിടത്തിന്റെ നമ്പർ മുൻസിപ്പൽ രജിസ്റ്ററിൽ ചേർത്തിട്ടില്ല. റീസർവേയ്ക്ക് മുൻപേ നികുതിയടച്ചതിന്റെ വിവരങ്ങൾ വില്ലേജ് ഓഫീസിലും ലഭ്യമല്ല. നികുതി രജിസ്റ്റർ തയ്യാറാക്കുന്നതിൽ അപാകത വന്നിട്ടുണ്ടെന്ന് സർവേ ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. നിലവിലെ രേഖകളിൽ അപാകത കാണുന്ന സാഹചര്യത്തിൽ റവന്യൂ വിദ്യാഭ്യാസ തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നുള്ള ഒരു സമിതി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട്.

സ്കൂൾ കെട്ടിടം നന്നാക്കുന്നതിന് നഗരസഭ പണമനുവദിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല. വിദ്യാലയത്തിൽ സൗകര്യങ്ങളോട് കൂടിയ ഒറ്റ ക്ലാസും പോലുമില്ല. ചുറ്റുമുളള വിദ്യാലയങ്ങൾ നല്ല ചിത്രങ്ങളോട് കൂടിയ ചുമരുകളും നല്ല ടൈലും പതിച്ചവയാണ്. ഇവിടെ മാത്രം നല്ല ക്ലാസും ഇല്ല. ഈ വിദ്യാലയം മാത്രം പുതുക്കി പണിയുന്നില്ല. ഇവർക്ക് മറ്റുള്ളവരെപ്പോലെ നല്ല വിദ്യാലയത്തിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ട് എന്നുമുള്ള വിദ്യാർത്ഥികളുടെ പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്.

 

date