Skip to main content

ലഹരി വിൽപ്പന സംഘങ്ങൾക്കെതിരെ  കർക്കശ നടപടികൾ സ്വീകരിക്കണം:  ജില്ലാ വികസന സമിതി

 

ജില്ലയിൽ ലഹരി വിൽപ്പന സംഘങ്ങൾക്കെതിരെ കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ഇതിനായി എക്സൈസും പൊലീസും സംയുക്തമായി പരിശോധനയും നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിൽ നല്ലനിലയിൽ നടക്കുന്നുണ്ടെന്നും ഇതിന് കാര്യക്ഷമമായ തുടർ നടപടികൾ ആവശ്യമാണെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.

വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിയമസഭാ മണ്ഡലം തലത്തിൽ അവലോകനം നടത്തണമെന്ന് കെ പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടു. പല വകുപ്പുകളുടെയും പ്രവൃത്തികൾ മന്ദഗതിയിലാണ്. ഇത് പരിഹരിക്കണം. കുത്തുപറമ്പ് മണ്ഡലത്തിലെ വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിലെ റോഡ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ തെർമലയിലെ ചെങ്കൽ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത് പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ പറഞ്ഞു. അനുമതി അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിൽ കെ എസ് ആർ ടി സി സർവീസുകൾ പൂർണമായി പുനരാരംഭിക്കണമെന്ന തീരുമാനം നടപ്പിലാക്കാൻ കർശന നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മടക്കര-മാട്ടൂൽ, തെക്കുമ്പാട് പാലങ്ങൾക്കടിയിൽ അടിഞ്ഞ്കൂടിയ മണ്ണ് നീക്കം ചെയ്യാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ പൊതുമരാമത്ത്് (പാലങ്ങൾ) വകുപ്പിനോട്് ജില്ലാ കലക്ടർ നിർദേശിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കല്ല്യാശ്ശേരിയിൽ അണ്ടർപാസ് നിർമിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. റോഡിനിരുവശവും അഞ്ച് മീറ്ററോളം താഴ്ചയുണ്ട്്. വിദ്യാർഥികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കും. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകണം. എടാട്ട് അണ്ടർപാസ് അനുവദിക്കാമെന്ന നേരത്തെ നൽകിയ ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ ഉപരി തലം മെച്ചപ്പെടുത്തുന്ന പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനും എംഎൽഎ ആവശ്യപ്പെട്ടു.

ആയിക്കര ഹാർബർ പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ 10 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ആർടിഒക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ പി മോഹനൻ, അഡ്വ. സജീവ് ജോസഫ്, എം വിജിൻ, ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ കെ പ്രകാശൻ, എംപിമാരുടെ പ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ജില്ലാതല ഉദ്യേഗാസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

date