Skip to main content
ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ ശനിയാഴ്ച രാവിലെ അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ്

ഏഴിമലയിൽ 253 ഓഫീസർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്

 

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽനിന്ന് ബിടെക് ബിരുദം നേടിയ 114  മിഡ്ഷിപ്പ്‌മെൻ ഉൾപ്പെടെ 253 ഓഫീസർ കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. ഇവരിൽ ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കർ, മൗറീഷ്യസ്, മ്യാൻമാർ, സീഷെൽസ്, ടാൻസാനിയ എന്നീ ഏഴ് വിദേശരാജ്യങ്ങളിലെ 16 ഓഫീസർ കേഡറ്റുകളുമുണ്ട്. ശനിയാഴ്ച രാവിലെ അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സിഐഎസ്‌സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു. ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാൻ തയ്യാറാവണമെന്ന് പരേഡ് പരിശോധിച്ച ശേഷം നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ വിദേശരാജ്യങ്ങളിലെ ട്രെയിനികൾ ഇന്ത്യയുമായും ഇന്ത്യൻ നേവിയുമായുള്ള സൗഹൃദം ശക്തമാക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആൾറൗണ്ട് മികവ് പുലർത്തിയ ട്രെയിനികൾക്കുള്ള അവാർഡുകൾ അദ്ദേഹം സമ്മാനിച്ചു. ബിടെക് ബാച്ചിലെ പ്രസിഡൻറിന്റെ സ്വർണ മെഡൽ അനിവേശ് സിംഗ് പരിഹാർ ഏറ്റുവാങ്ങി. വെള്ളി മെഡൽ മനോജ് കുമാർ, വെങ്കല മെഡൽ വിശ്വജിത് വിജയ് പാട്ടീൽ എന്നിവരും നേവൽ ഓറിയന്റേഷൻ ബാച്ച് സ്വർണ മെഡൽ ഗൗരവ് റാവു, വെള്ളി മെഡൽ രാഘവ് സരീൻ, വെങ്കല മെഡൽ ആരോൺ അജിത് ജോൺ എന്നിവർക്കും സമ്മാനിച്ചു. 

103ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, 32, 33, 34, 36 നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ, എക്‌സ്‌റ്റൈൻഡഡ്-ജിഎസ്ഇഎസ്, എക്‌സ്‌റ്റെൻഡഡ്-എസ്എസ്‌സി) എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയവരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. 35 പേർ വനിതാ കേഡറ്റുകളാണ്. 18 പേർ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഓഫീസർ കാഡറ്റുകളാണ്. ഇതിനകം 77 സുഹൃദ് വിദേശ രാജ്യങ്ങളിലെ കേഡറ്റുകൾക്ക് ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം നൽകിയിട്ടുണ്ട്.

നാവിക അക്കാദമി കമാൻഡൻറ് വൈസ് അഡ്മിറൽ പുനീത്കുമാർ ബാൽ, വൈസ് അഡ്മിറൽ സൂരജ് ഭേരി, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ്‌വീർ സിംഗ് എന്നിവർ മുഖ്യാതിഥികളായി. ബീജാപൂർ സൈനിക് സ്‌കൂളിലെ എൻസിസി കേഡറ്റുകൾ, നാവിക അക്കാദമിയിൽ സംഘടിപ്പിച്ച തിങ്ക്യു ക്വിസ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ എന്നിവരും ട്രെയിനികളുടെ കുടുംബാംഗങ്ങളും പരേഡ് വീക്ഷിക്കാനെത്തി.

വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ട്രോഫികൾ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ് സമ്മാനിച്ചു. ബിടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബംഗ്ലാദേശ് നേവിയിലെ റെയ്‌നൂർ റഹ്മാനും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ വൈഭവ് സിംഗും മെക്കാനിക്കൽ എൻജിനീയറിംഗിൽ കെ ഹരിഹരനും ട്രോഫികൾ ഏറ്റുവാങ്ങി. ബിടെക് കോഴ്‌സുകൾ ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 

date