Skip to main content
ഡിസംബറിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു

സംസ്ഥാന കേരളോത്സവം ഡിസംബർ 18-21 കണ്ണൂരിൽ; സംഘാടക സമിതിയായി

 

സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. 18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുഖ്യധാര കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത യുവജനങ്ങൾക്ക് മികച്ച അവസരമാണ് കേരളോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കേരളോത്സവത്തിൽ ഉറപ്പാക്കണം. യുവ തലമുറ ലഹരി മാഫിയകളുടെ പിടിയിൽപ്പെടുന്നതിന്റെ പ്രധാന കാരണം വെറുതെ ഇരിക്കുന്നതാണ്. അവർ സ്വയം ഒതുങ്ങിപ്പോകുന്നു. അതിനാൽ ഉത്സവങ്ങൾ, കലോത്സവങ്ങൾ തുടങ്ങിയ ഒത്തുകൂടൽ ശക്തിപ്പെടുത്തി തെറ്റായ പ്രവണതകളുടെ പിടിയിൽപ്പെടുന്നവരെ രക്ഷിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവസരമായി കേരളോത്സവ പ്രചാരണ പരിപാടികളെ ഉപയോഗപ്പെടുത്തണം. മതത്തിന്റെയോ ജാതിയുടെയോ  വേർതിരിവില്ലാത്ത മതനിരപേക്ഷ ഉത്സവമായി ഇത് മാറ്റണമെന്നും മന്ത്രി പറഞ്ഞു.

ആറ് വേദികളിലായി 59 ഇനങ്ങളിലാണ് കണ്ണൂരിൽ കലാമത്സരങ്ങൾ നടക്കുക. 3000 ത്തിലേറെ പേർ പങ്കെടുക്കും. ഡിസംബർ 27 മുതൽ 30 വരെ കൊല്ലത്താണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ് എന്നിവർ മുഖ്യാതിഥികളായി. യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജ്, ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ജില്ലാ പഞ്ചയാത്ത് അംഗം തോമസ് വക്കത്താനം, യുവജന ക്ഷേമ ബോർഡ് അംഗം വി ഡി പ്രസന്നകുമാർ, മുൻ വൈസ് ചെയർമാൻ മാർട്ടിൻ ജോർജ്, ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ, സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഇ എൻ സതീഷ് ബാബു, കണ്ണൂർ ടൗൺ സി ഐ പി എ ബിനുമോഹൻ എന്നിവർ സംബന്ധിച്ചു. 

ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയൻ ( മുഖ്യ രക്ഷാധികാരി), പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ജില്ലയിലെ എം പിമാർ, എം എൽ എമാർ (രക്ഷാധികാരികൾ), മന്ത്രി പി എ മുഹമ്മദ് റിയാസ് ( ചെയർമാൻ), പി പി ദിവ്യ (വർക്കിങ്ങ് ചെയർപേഴസൺ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു.

 

date