Skip to main content
സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ നിന്ന്‌

പി എസ് സി പരീക്ഷാ ഹാളിൽ ക്ലോക്ക് നിർബന്ധമാക്കാൻ യുവജന കമ്മീഷൻ ശുപാർശ

 

പി എസ് സി പരീക്ഷാ ഹാളുകളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ യുവജന കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യും. സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്തിൽ കണ്ണൂർ സ്വദേശി കെ പി ജാഫർ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പി എസ് സി പരീക്ഷക്ക് എത്തുമ്പോൾ വാച്ച് ധരിക്കാൻ അനുവാദമില്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയുന്നതിൽ പ്രയാസം നേരിട്ടിരുന്നു. ഇതോടെയാണ് ഉദ്യോഗാർഥിയായ ജാഫർ പരാതി നൽകിയത്. നേരത്തെയും കമ്മീഷന് സമാന പരാതി ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.

എം ജി സർവകലാശാലയിലെ എല്ലാ പരീക്ഷകളും കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മീഷനെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ഒരു ക്വാറിയുടെ അനുമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കമ്മീഷൻ കലക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. തഹസിൽദാർ തലത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാമെന്ന് കലക്ടർ അറിയിച്ചു.

പൊലീസ്, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, സ്ത്രീധനം തുടങ്ങിയുമായി ബന്ധപ്പെട്ടതാണ് ലഭിച്ച മറ്റ് പരാതികൾ.

കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 26 പരാതികളാണ് പരിഗണിച്ചത്. 23 എണ്ണം തീർപ്പാക്കി. മൂന്ന് എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. എട്ട് പുതിയ പരാതികളും ലഭിച്ചു. അടുത്ത സിറ്റിംഗ് നവംബർ 28ന് മലപ്പുറത്ത് നടക്കും. മൂന്ന് മാസം കൂടുമ്പോൾ ജില്ലകളിൽ സിറ്റിംഗ് സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ എസ് കെ സജീഷ്, കെ പി ഷജീറ, റെനീഷ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് സരിതാകുമാരി എന്നിവരും പങ്കെടുത്തു.

date