Skip to main content
ഹാപ്പിനസ് ഫെസ്റ്റിവെലിന്റെ ഭാഗമായ കുടുംബശ്രീ സ്റ്റാര്‍ട്ടപ് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എം ബി രാജേഷ് എത്തിയപ്പോള്‍

കുടുംബശ്രീ ലക്ഷക്കണക്കിന് സ്ത്രീകളെ അരങ്ങിലെത്തിച്ച പ്രസ്ഥാനം: മന്ത്രി എം ബി രാജേഷ്

 

കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകളെ അടുക്കളയിൽ നിന്നും അരങ്ങിലെത്തിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബശ്രീ സ്റ്റാർട്ട് അപ് വർക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് തളിപ്പറമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനാനുഭവങ്ങൾ ഉൾക്കൊണ്ട് കുടുംബശ്രീ നവീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 25 വയസ്സ് പിന്നിടുമ്പോൾ കുടുംബശ്രീയുടെ പ്രായം കുറഞ്ഞു വരികയാണ്. 19000 ലധികം ഓക്സിലറി ഗ്രൂപ്പുകളിലൂടെ മൂന്ന് ലക്ഷത്തോളം യുവാക്കൾ കുടുംബശ്രീയുടെ ഭാഗമായി. വിപ്ലവകരമായ ആശയമാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ നടപ്പാക്കുന്നത്. ദാരിദ്ര്യ ലഘൂകരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് ലോക ശ്രദ്ധയാകർഷിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ.  സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവാണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ലക്ഷ്യം. സാമ്പത്തിക സ്വാശ്രയത്വമാണ് സ്വന്തം ഇടമുണ്ടാക്കാനുള്ള വഴി. കേരളത്തിലെ സ്ത്രീകളുടെ സാമൂഹികാംഗീകാരം വർധിപ്പിക്കാനും വനിതാ നേതൃത്വം സൃഷ്ടിക്കാനും കുടുംബശ്രീക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു. സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും പരിചയപ്പെടുന്നതിനാണ് കുടുംബശ്രീയുമായി ചേർന്ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകർക്കായി സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. സർക്കാർ സംവിധാനങ്ങളെയും ഏജൻസികളെയും പരിചയപ്പെടുത്തി അഭ്യസ്തവിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, തൊഴിൽ മേഖലകൾ സൃഷ്ടിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യം.  18 നും  40 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ശിൽപശാലയുടെ ഭാഗമായി.

തളിപ്പറമ്പ് മൊട്ടമ്മൽ മാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ അദ്ധ്യക്ഷനായി.  കുടുംബശ്രീ എക്സി.ഡയറക്ടർ ജാഫർ മാലിക് മുഖ്യ പ്രഭാഷണം നടത്തി. ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്റർ ഡോ.എം സുർജിത്, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ സംസാരിച്ചു.  പുതിയ കാലത്തെ സംരംഭക സാധ്യതകൾ എന്ന വിഷയത്തിൽ നോളജ് എക്കണോമി മിഷൻ ജനറൽ മാനേജർ പി എം റിയാസ് ക്ലാസെടുത്തു.  ലൈഫോളജി സി ഇ ഒ പ്രവീൺ പരമേശ്വർ ആമുഖഭാഷണം നടത്തി. സംരംഭകരായ  നിഷ കൃഷ്ണൻ ,സംഗീത അഭയ്, ഹർഷ പുതുശ്ശേരി, ആയിഷ സമീഹ തുടങ്ങിയവർ മോഡറേറ്റർമാരായി. നവംബർ 27 ന് ശിൽപശാല സമാപിക്കും.

date