Skip to main content

നിയുക്തി തൊഴിൽമേളകൾ* *ഉദ്യോഗാർത്ഥികൾക്കുള്ള വഴികാട്ടി;* *ഐ.സി ബാലകൃഷ്ണൻ എം.എൽ.എ*

 

 

വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ചെയ്യാൻ കഴിയുന്ന തൊഴിൽ പ്രാദേശിക തലത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികാട്ടികളാണ് നിയുക്തി തൊഴിൽ മേളകളെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് നടത്തിയ "നിയുക്തി 2022" മിനി തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. ഏതൊരു തൊഴിലിനും മുൻ പരിചയം നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾക്ക് മുൻപരിചയം സൃഷ്ടിക്കുന്നതിനുകൂടിയാണ് വിവിധ തൊഴിൽ ദാതാക്കളെ ഉൾപ്പെടുത്തി തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂളിൽ നടന്ന തൊഴിൽ മേളയിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലർ ഷമീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ടി.പി ബാലകൃഷ്ണൻ, ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫീസർ എം.ആർ രവികുമാർ, എംപ്ലോയ്മെൻ്റ് ഓഫീസർമാരായ എസ്.ഇ  അബ്ദുൾ റഷീദ്, എൻ. അജിത് ജോൺ, സുൽത്താൻ ബത്തേരി എംപ്ലോയ്മെൻ്റ് ഓഫീസർ കെ. ആലിക്കോയ, ഡബ്ല്യു.എം.ഒ സ്കൂൾ പ്രിൻസിപ്പൽ പി.സി രാഗി എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രധാന സ്വകാര്യ തൊഴില്‍ദാതാക്കളായ വിനായക ആശുപത്രി, മലബാര്‍ ഗോള്‍ഡ്, എച്ച്.ഡി.എഫ്.സി ലൈഫ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, പാണ്ട ഫുഡ്‌സ്, വാലുമ്മല്‍ ജ്വല്ലറി, മിന്റ് ഗ്രൂപ്പ് തുടങ്ങിയവര്‍ക്കൊപ്പം ജില്ലയ്ക്ക് പുറത്ത് നിന്നുളള  തൊഴില്‍ദായകരും മേളയില്‍ പങ്കെടുത്തു.

 *നിയുക്തി തൊഴിൽമേള; 108* *ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം*

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ  സ്കൂളിൽ സംഘടിപ്പിച്ച നിയുക്തി മിനി  തൊഴിൽ മേളയിൽ 108 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 240 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ്  ചെയ്തു. 20 തൊഴിൽദായകർ പങ്കെടുത്ത തൊഴിൽ മേളയിൽ 551 ഉദ്യോഗാര്‍ത്ഥികൾ പങ്കെടുത്തു.    ജില്ലയിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നതിനാണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് തൊഴിൽമേള സംഘടിപ്പിച്ചത്.

date