Skip to main content

നെന്‍മേനി തരിശുരഹിത ഗ്രാമം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി നെന്മേനി ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. നെന്‍മേനി ഗ്രാമപഞ്ചായത്ത്  സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍  പാരിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയാ മുരളി അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എമി പോള്‍, ഹരിതകേരളം മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്തിനുള്ള മൊമെന്റോ കൈമാറി.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പയിനാണ് തരിശ് രഹിത ഗ്രാമം പഞ്ചായത്ത്. ജില്ലയില്‍ ഒരോ ബ്ലോക്കിലെയും ഒരു തദ്ദേശ സ്ഥാപനം വീതം ഓരോ വര്‍ഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിച്ചു വരുന്നു. ഈ വര്‍ഷം സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നെന്മേനി, കല്‍പ്പറ്റ ബ്ലോക്കില്‍ മുട്ടില്‍, പനമരം ബ്ലോക്കില്‍ പുല്‍പള്ളി, മാനന്തവാടി ബ്ലോക്കില്‍ വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്.പദ്ധതി പ്രകാരം നെന്മേനി ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്. ആകെ 7.5 ഹെക്റ്ററില്‍ 3.8 ഹെക്ടര്‍ കൃഷിയോഗ്യമാക്കി. ബാക്കിയുള്ള 3.7 ഹെക്ടര്‍ രൂക്ഷമായ വന്യമൃഗ ശല്യം, പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമി, ജല ക്ഷാമം എന്നി കാരണങ്ങളാല്‍ കൃഷി യോഗ്യമാക്കാന്‍ സാധിക്കാത്തവയാണ്. മറ്റു മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും അടുത്ത ആഴ്ച തരിശു രഹിത ഗ്രാമം പ്രഖ്യാപനം നടത്തും. നെന്മേനി കൃഷി ഓഫീസര്‍ അനുപമ കൃഷ്ണന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.എന്‍ പ്രഭാകരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.രാമുണ്ണി തുടങ്ങിയര്‍ സംസാരിച്ചു.  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പാടശേഖര സമിതി, കുരുമുളക് സമിതി ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു.

 

date