Skip to main content
kalolsavam

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം ഓനിർവഹിച്ചു

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം മൂത്തകുന്നം എസ്.എൻ.എം ഓഡിറ്റോറിയത്തിൽ മുൻ എംപി കെ.പി ധനപാലൻ നിർവഹിച്ചു. കലവറ നിറയ്ക്കലിന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക സംഘം നേതൃത്വം നൽകി.

തിങ്കളാഴ്ച (നവംബർ 28) മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് രാവിലെ 10ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തും. ശേഷം എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ബാൻഡ് എന്നിവയുടെ നേതൃത്വത്തിലുള്ള പരേഡ് നടക്കും.

തുടർന്ന് നാല് വേദികളിലായി നാടൻ പാട്ട്, സംസ്‌കൃതം, തമിഴ്, കന്നഡ പദ്യപാരായണം, ഗദ്യ പാരായണം, തമിഴ് കന്നഡ പ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നീ മത്സരങ്ങളും മറ്റു 15 മുറികളിലായി രചനാമത്സരങ്ങളും നടക്കും.

നവംബർ 29 രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അധ്യക്ഷതയിൽ കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്‌ കലോത്സവം ഉദ്ഘാടനം ചെയ്യും.

കലാമേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കളും എസ്കോർട്ടിങ് അധ്യാപകർക്കും സംഘാടകസമിതി അംഗങ്ങൾക്കും വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർക്കും ഭക്ഷണം ഒരുക്കുന്നത് മൂത്തകുന്നം എസ്.എൻ.എം ഓഡിറ്റോറിയത്തിലാണ്. ഏതാണ്ട് 3000ത്തോളം പേർക്ക് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും വൈകുന്നേരം ചായയും പലഹാരവും പരിപാടികൾ വൈകിയാൽ വൈകുന്നേരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും വിധികർത്താക്കൾക്കും രാത്രി ഭക്ഷണവും നൽകും. വിധികർത്താക്കൾ, സംഘാടകസമിതി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പ്രഭാത ഭക്ഷണം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ഒട്ടേറെ പരിപാടികൾക്ക് ഭക്ഷണം ഒരുക്കിയിട്ടുള്ള പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്.

പാലുകാച്ചൽ കർമ്മത്തിന് ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ അധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.എസ് സനീഷ്, മൂത്തകുന്നം എച്ച്.എം.ഡി.പി സഭാ സെക്രട്ടറി ഡി. സുനിൽകുമാർ, എ.ഇ.ഒ സി.എസ് ജയദേവൻ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പിടിഎ പ്രസിഡന്റ് ബിബിൻ സി ബോസ്, സ്കൂൾ പ്രിൻസിപ്പൽ പി.എസ് ജ്യോതിലക്ഷ്മി, പ്രധാന അധ്യാപിക എം.ബി ശ്രീകല, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന രത്നൻ, ആന്റണി ജോസഫ്, രഞ്ജിത് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

date