Skip to main content

ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി നടത്തിയ ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു. സമാപന സമ്മേളനത്തില്‍ മികച്ച ഗ്രാമീണ ഗവേഷകര്‍ക്കുള്ള റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച രണ്ട് കണ്ടുപിടിത്തങ്ങള്‍ക്ക് നബാര്‍ഡ് നല്കുന്ന റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡിന് ഷാജി വര്‍ഗീസ്, ജോസഫ് പീച്ചനാട്ട് എന്നിവര്‍ അര്‍ഹരായി. ജൈവ വിത്തു ട്രേയും നിര്‍മാണ ഉപകരണവുമാണ് ഷാജി വര്‍ഗീസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. പേപ്പര്‍ ബാഗ് ഈസി മേക്കറാണ് ജോസഫ് പീച്ചനാട്ടിന് അവാര്‍ഡ് നേടി കൊടുത്ത കണ്ടുപിടിത്തം. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കൂടാതെ നാല് മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകളും നല്‍കി. പി.പി.ഷൈജു, രമ്യ ഷൈജു എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഇടിയപ്പം,  കോക്കനട്ട് ഓയില്‍ മേക്കര്‍ ആന്‍ഡ് കോക്കനട്ട് സ്‌ക്രാപ്പര്‍, ജോഷി ജോസഫിന്റെ റെ നോവ് ക്രഷിംഗ് മെഷീന്‍, കെ.ജോയ് അഗസ്റ്റിന്റെ കേര പീലര്‍, കെ.ബി.അനൂപ്, മഞ്ജു സുരേഷ്, ശ്രീജിത് എസ് നായര്‍, എസ്.ഗോകുല്‍ കൃഷ്ണന്‍ എന്നിവരുടെ അസീഗുരാര്‍ വിദാ എന്നീ കണ്ടുപിടിത്തങ്ങള്‍ക്കാണ് അവാര്‍ഡ്. അയ്യായിരം രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പ്രത്യേക അവാര്‍ഡ്.
സമാപന സമ്മേളനം നബാര്‍ഡ് കേരള റീജിയണ്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.ഗോപകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി.സുധീര്‍ പരിപാടിയില്‍ അധ്യക്ഷനായി.
ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫസര്‍ ജിപ്പു ജേക്കബ്, ഐ.സി.എ.ആര്‍ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.അനിതാ കരുണ്‍ എന്നിവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.എസ്.പ്രദീപ്കുമാര്‍ സ്വാഗതവും ഗ്രാമീണ ഗവേഷക സംഗമം കോര്‍ഡിനേറ്റര്‍ ഡോ.ടി.എസ്.മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. ഗ്രാമീണ ഗവേഷക സംഗമം കോര്‍ഡിനേറ്റര്‍ ഡോ.ബി.എം.ഷെറിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരളത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ഗ്രാമീണ ഗവേഷകരുടെ 34  സാങ്കേതിക വിദ്യകളാണ്  പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
കേരളത്തിന്റെ ഗ്രാമീണ മേഖലയിലുള്ള ബൗദ്ധിക ജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമീണ ഗവേഷക സംഗമം.  കേരളത്തിലെ ഗ്രാമീണ ഗവേഷകര്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമീണ ഗവേഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് നേടുന്നതിനുള്ള സഹായത്തിനായി ഒരു പേറ്റന്റ് ക്ലിനിക്കും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

date