Skip to main content

ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ''നോ ടു ഡ്രഗ്‌സ്'' രണ്ടാംഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. പടന്നക്കാട് ഹൈ ഫൈവ് അറീന ടര്‍ഫില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ ആദ്യ ഗോളടിച്ചുകൊണ്ട് കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം ) ദേശീയാരോഗ്യദൗത്യവും സംയുക്തമായി നടത്തിയ പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭാ അദ്ധ്യക്ഷ കെ.വി.സുജാത, ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍, മുന്‍ സന്തോഷ് ട്രോഫി താരം ബിജുകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ നിര്‍മല്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്മാര്‍ പി.ആര്‍.ഒമാര്‍, എസ്.എന്‍.ടി.ടി.ഐ ടീച്ചര്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ഇതോടൊപ്പം ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത ജില്ലയിലെ 5 ആരോഗ്യ ബ്ലോക്കുകളിലേക്കുമായി (വെള്ളരിക്കുണ്ട് താലൂക്കാസ്ഥാന ആശുപത്രി പൂടംകല്ല്, താലൂക്കാശുപത്രികളായ നീലേശ്വരം, പനത്തടി, മംഗല്‍പാടി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായ കുമ്പള, പെരിയ) സൈക്കിള്‍ വിതരണം നടത്തി. നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി സെല്‍ഫി കോര്‍ണറും ഒരുക്കിയിരുന്നു. പൊതുജനങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ആരോഗ്യബ്ലോക്കുകളും കേന്ദ്രീകരിച്ച് ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

date