Skip to main content

കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും -പി.പി.ചിത്തരഞ്ജൻ

 

ആലപ്പുഴ: കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഏകോപനത്തോടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന വകുപ്പ് 'ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജുവൈനൽ ജസ്റ്റീസ് ഹോം സ്ഥാപനങ്ങളിലെ കുട്ടികളുടെ നിറ ക്കൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സർക്കാർ, സർക്കാർ ഇതര് സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സേവനങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ, ഡിഅഡിക്ഷൻ സെന്റർ, ആഫ്റ്റർ കെയർ ഹോം, ഫിറ്റ്‌നസ് സെന്റർ, കലാ സാംസ്‌ക്കാരിക കേന്ദ്രം എന്നിവ ഒരേ കുടക്കീഴിൽ സജ്ജീകരിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 
ചടങ്ങിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ നസീർ പുന്നക്കൽ, സി.ഡബ്ല്യൂ.സി. ചെയർപേഴ്‌സൺ ജി.വസന്തകുമാരി അമ്മ, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ജില്ല വനിത ശിശു വികസന ഓഫീസർ എൽ.ഷീബ, ജില്ല ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ല ശിശുക്ഷേമ സമിതി നിർവ്വാഹക സമിതി അംഗം കെ.നാസർ, തങ്കമണി, ചൈൽഡ് ലൈൻ പ്രതിനിധി സെബാസ്റ്റ്യൻ, പ്രൊട്ടക്ഷൻ ഓഫീസർമാരായ ലിനു ലോറൻസ്, ബിനു റോയ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 26 ഹോമുകളിൽ നിന്നായി 450 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുത്തത്. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവ്വഹിച്ചു.

date