Skip to main content

മത്സരങ്ങൾ ആരോഗ്യകരമാകണം -സ്പീക്കർ എ.എൻ. ഷംസീർ 

 

റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം

ആലപ്പുഴ: ജില്ലയിലെ ഏറ്റവും മികച്ച കലാകാരൻമാരെ തിരഞ്ഞെടുക്കാനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത് എങ്കിലുo  മത്സരങ്ങൾ ആരോഗ്യകരമായിരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയുകയായിരുന്നു  സ്പീക്കർ.

കേരളത്തിലെ കലാ സാംസ്കാരിക മേഖലകളിൽ  തിളങ്ങി നിൽക്കുന്ന പല കലാകാരൻമാരും തെളിഞ്ഞു വന്നത് സ്കൂൾ കലോത്സവ വേദികളിലൂടെയാണ്. നിരവധി പ്രതിഭാശാലികൾ വളർന്നു വന്ന മണ്ണാണ് ആലപ്പുഴ. കഴിഞ്ഞ ആറ് വർഷം കൊണ്ട് അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ പുരോഗതിയിലും കേരളത്തിലെ പൊതു വിദ്യാലയങ്ങൾ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ്  എം പി., പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ്,  ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.  ഹുസൈൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ പി. സുജാത, നഗരസഭാഗംങ്ങൾ ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക പ്രമുഖർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date