Skip to main content

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍; ആലപ്പുഴ ജില്ല ഒന്നാമത്

ആലപ്പുഴ: ആധാര്‍,  വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിലെ വോട്ടർമാരിൽ 67.94 ശതമാനം പേരെ ഇതിനകം തന്നെ അധാറുമായി  ബന്ധപ്പെടുത്തി കഴിഞ്ഞു. വയനാട് ജില്ലയാണ് തൊട്ടുപിന്നില്‍. 

ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജു പറഞ്ഞു. വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023 മായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും കളക്ടറേറ്റിൽ നടന്ന  യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17,58,084 വോട്ടര്‍മാരാണ് ജില്ലയില്‍ ആകെയുളളത്. അതില്‍ 11,94,453 പേര്‍ ഇതിനോടകം ആധാര്‍, വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക് അടിസ്ഥാനത്തില്‍ നവംബര്‍ 26, 27, ഡിസംബര്‍ മൂന്ന്, നാല് തിയതികളിലായി സമ്മറി റിവിഷന്‍ ക്യാമ്പുകള്‍ നടത്തും. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഒബ്സർവർ നിർദ്ദേശം നൽകി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അപേക്ഷകളും ഡിസംബര്‍ എട്ടിന് മുമ്പായി സമര്‍പ്പിക്കണം. ഡിസംബര്‍ 26-നുള്ളില്‍ ഇവ തീര്‍പ്പാക്കും. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. അർഹരായ പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക പുതുക്കുന്നതിന് എ.ആർ. ഒ മാരും ഇ.ആർ.ഒ മാരും ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ വോട്ടർ പട്ടിക പരിശോധിക്കുന്നതിനുള്ള അവസരവും ഉണ്ടാവും.

ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ,  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, തിരഞ്ഞെടുപ്പ് സൂപ്രണ്ട് ഷിബു സി.ജോബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date