Skip to main content
Clean kalamassery meeting

മാലിന്യമുക്ത കളമശ്ശേരിക്കായി ജനകീയ ക്യാമ്പയിൻ നടത്തും : മന്ത്രി എം. ബി രാജേഷ്

ജനകീയ ക്യാംപയിന്‍ നടപ്പിലാക്കും: മന്ത്രി എം.ബി രാജേഷ്

 

മാലിന്യനിര്‍മാര്‍ജന അവലോകന യോഗം ചേര്‍ന്നു

 

 

 മാലിന്യമുക്ത കളമശേരി മണ്ഡലത്തിനായി ജനകീയ ക്യാംപയിന്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മണ്ഡലത്തിലെ മാലിന്യ നിര്‍മാര്‍ജനവും സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും ഏലൂര്‍ ടി.സി.സി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

 

 ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് മാലിന്യം കൈമാറുന്ന വീടുകള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി തദ്ദേശസ്ഥാപന സേവനങ്ങള്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനമില്ലാതെ തന്നെ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുമെന്നുള്ളത് മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്തിനെ ഉദാഹരണമാക്കി മന്ത്രി പറഞ്ഞു. 

തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍ അനുവദിച്ചിരിക്കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടത്തിനായി ഉപയോഗിക്കാം. കളക്ഷന്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കാം. മാലിന്യം ശേഖരിക്കുന്നവര്‍ക്ക് തരംതിരിക്കുന്നതിനുള്ള വൈദഗ്ധ്യക്കുറവ് പരിഹരിക്കണം. ഹരിത കര്‍മസേനയില്‍ ഒരു വാര്‍ഡില്‍ രണ്ടു പേരുണ്ടെന്ന് ഉറപ്പാക്കണം. ജനകീയ ക്യാംപയിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവാന്മാരാക്കണം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കന്‍മാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിക്കണം. 100 ശതമാനം കളക്ഷനും 100 ശതമാനം യൂസര്‍ ഫീയും ഓരോ വാര്‍ഡിലും ലക്ഷ്യമാക്കി വേണം തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. ഹരിത കര്‍മ സേനാംഗങ്ങള്‍ പതിവായി വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെന്നും ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. മാലിന്യങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് പുനരുപയോഗ ചന്ത ആലോചിക്കാം. വലിയ ഒരു പൊതുജന വിദ്യാഭ്യാസ പരിപാടിയായി ക്യാംപയിന്‍ മാറണം. മാലിന്യങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് എം.സി.എഫ്, ആര്‍.ഡി.എഫ് എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കണം. മാലിന്യങ്ങളില്‍ നിന്ന് പുതിയ സംരംഭങ്ങളും സ്റ്റാര്‍ട്ട് അപ്പുകളും സൃഷ്ടിക്കാനാകണം. സ്‌കൂള്‍ ഫര്‍ണിച്ചറുകള്‍, ഓട് മുതലായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളിലേയും രണ്ട് നഗരസഭകളിലേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം വിലയിരുത്തി.

 

 

 വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഏലൂര്‍ നഗരസഭാ അധ്യക്ഷന്‍ എ.ഡി സുജില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കളമശേരി നഗരസഭാ ചെയര്‍മാന്‍ സീമാ കണ്ണന്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date