Skip to main content
Bose kriahnamachari

വിദ്യാലയങ്ങൾ സംവാദകേന്ദ്രങ്ങളാവണം : ബോസ് കൃഷ്ണമാചാരി

വിദ്യാലയങ്ങള്‍ സംവാദ കേന്ദ്രങ്ങളാകണം: ബോസ് കൃഷ്ണമാചാരി

 

പുളിയനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

 

വിദ്യാലയങ്ങള്‍ ചര്‍ച്ചയുടെയും സംവാദങ്ങളുടേയും കേന്ദ്രങ്ങളാകണമെന്ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി. പുളിയനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളിലാണ് ഓരോ കുട്ടിയും അവന്റെ കഴിവ് തിരിച്ചറിയുന്നത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലാണ് കല വളരുന്നത്. സ്വാതന്ത്ര്യം സ്വയം രൂപപ്പെടുത്തി വളരാന്‍ ഓരോ കുട്ടിയും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

മങ്ങാട്ടുകരയെന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ താണ്ടിയെത്തി പഠിച്ച സ്‌കൂളാണിത്. ഇവിടെ നിന്ന് കലാലോകത്ത് ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് ഈ ഗ്രാമം തനിക്ക് തന്ന ആത്മവിശ്വാസം കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മളെ തിരിച്ചറിയുവാനുള്ള കഴിവാണ് നാം വളര്‍ത്തേണ്ടത്. അത് പൊതു വിദ്യാലയങ്ങളില്‍ നിന്നാണ് ലഭ്യമാകുക. താനൊരിക്കലും ഒരു നിയമത്തിലും വിശ്വസിക്കുന്നില്ലെന്നും കലാലോകത്ത് നമുക്ക് നമ്മുടെ നിയമങ്ങളാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം നാം എടുക്കുക. അതാരും തരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

75 തിരികള്‍ തെളിച്ച് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉദ്ഘാടനത്തില്‍ പങ്കാളികളായി. ആന്റോ തോമസ് ഡിസൈന്‍ ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ജയദേവന്‍ പ്രകാശനം ചെയ്തു. പരിപാടികള്‍ക്ക് മുന്നോടിയായി നടത്തിയ വിളംബര ബൈക്ക് റാലി വട്ടപ്പറമ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥി അങ്കമാലി എ.എസ്.ഐ എ.വി സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബൈക്ക് റാലി പുളിയനം ജംഗ്ഷന്‍ ചുറ്റിക്കറങ്ങി സ്‌കൂളില്‍ സമാപിച്ചു.   

 

കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ട് സംഘം നാടന്‍ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.എന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിന് വേണ്ടി സ്ഥലം വിട്ട് നല്‍കിയ ഭദ്രകാളി മറ്റപ്പള്ളി മനയിലെ ഇപ്പോഴത്തെ കാരണവരായ ബി.എം വാസുദേവന്‍ നമ്പൂതിരിപ്പാട് ബോസ് കൃഷ്ണമാചാരിയെ പൊന്നാടയണിയിച്ചു.  

 

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താര സജീവ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പി.വി.അയ്യപ്പന്‍, സിനിമ സംവിധായകനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ബിലഹരി കെ.രാജ്, ഹെഡ്മിസ്ട്രസ് പി.ഒ കൊച്ചുറാണി, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ടെസ്സ ടോമി, സ്വാഗത സംഘം ചെയര്‍മാന്‍ പി.ആര്‍ രാജേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം റിയ മോള്‍ എന്നിവര്‍ സംസാരിച്ചു. 2023 ആഗസ്റ്റ് മാസം വരെ നീളുന്ന ആഘോഷങ്ങളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

date