Skip to main content
Kalamassery clean campaign

ശുചിത്വത്തിനൊപ്പം കളമശ്ശേരി പദ്ധതി ആരംഭിക്കും : പി. രാജീവ്‌

ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതി ആരംഭിക്കും : മന്ത്രി പി.

 

കളമശ്ശേരി മണ്ഡലത്തിൽ മാലിന്യനിർമാർജനത്തിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതി ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മണ്ഡലത്തിലെ മാലിന്യ നിർമാർജനവും സംസ്ക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഏലൂർ ടി.സി.സി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകനയോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്നർ റോഡിലും കളമശ്ശേരി ഭാഗത്തെ റോഡിലുമുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി യോഗം ചേരണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജിന് മന്ത്രി നിർദേശം നൽകി. നഗരസഭാ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ യോഗത്തിൽ ഉൾപ്പെടുത്തണം. ഏലൂർ, കളമശ്ശേരി എന്നിവിടങ്ങളിൽ മാലിന്യ കളക്ഷൻ പോയിന്റുകൾ സ്ഥാപിക്കുന്നത് യോഗത്തിൽ വിഷയമായി ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

 

 ഡിസംബർ 10, 11 തീയതികളിൽ പഞ്ചായത്തുതല യോഗവും ഡിസംബർ 21 നുള്ളിൽ വാർഡുതല യോഗവും ചേരണം. ജനുവരി ഏഴിന് മണ്ഡലതലത്തിൽ ശില്പശാല നടത്തും. 

പദ്ധതിക്കായി വിപുലമായ പ്രചാരണ പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കും. സോഷ്യൽ മീഡിയ, ഐ.ഇ.സി കാംപയിൽ, ബോധവൽക്കരണ വീഡിയോ എന്നിവ ഉപയോഗിച്ച് മണ്ഡലത്തിൽ വ്യാപക പ്രചാരണം നടത്തും. നവകേരള ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനിയെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു. ജനുവരി 21 മുതൽ 30 വരെ എല്ലാ വീടുകളിലേക്കും 'ഹൗസ് കാംപയിൻ' നടത്തി നേരിട്ട് ബോധവൽക്കരണം നടത്തും. മണ്ഡലത്തിൽ പദ്ധതിക്കായി സമിതി രൂപീകരിക്കും. പദ്ധതിയുടെ ആദ്യഘട്ടം ജനുവരി 30 ന് പൂർത്തിയാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശം നൽകി.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വയോജനം, യുവത്വം എന്നിങ്ങനെ എല്ലാ മേഖലകളിലും ഒപ്പം പദ്ധതി നടപ്പിലാക്കുന്ന പോലെ മാലിന്യമുക്ത മണ്ഡലം പദ്ധതിയിലൂടെ സാധ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

date