Skip to main content

പമ്പ ജലമേള : സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിന് നടക്കുന്ന പമ്പാ ജലമേളയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങളായി. തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജലമേള സുരക്ഷിതമായും സൗഹാര്‍ദപരമായും നടത്താനുളള എല്ലാ ക്രമീകരണങ്ങളും  ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും ഡിസംബര്‍ ഒന്നിന് മുന്‍പേ പൂര്‍ത്തീകരിക്കണം. പോലീസ് സേനയെ വിന്യസിക്കുന്നതിനായി  പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

 

ബാരിക്കേഡ് നിര്‍മിക്കുന്നതിന്  പമ്പാ ബോട്ട് റേസ് ക്ലബിനെ ചുമതലപ്പെടുത്തി. അഗ്‌നി ശമന സേനയുടെ ക്രമീകരണങ്ങള്‍ക്കായി കത്ത് നല്‍കും. സ്‌കൂബ ടീമിന്റെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഓഫീസിലേക്ക് ആവശ്യപ്പെടും. പമ്പാ വാട്ടര്‍ സ്റ്റേഡിയത്തിലേക്കുളള റോഡിന്റെ മധ്യഭാഗത്തുളള വാട്ടര്‍ അതോറിറ്റി പൈപ്പിന്റെ  ചോര്‍ച്ച മാറ്റി  ഗതാഗതം സാധ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ തിരുവല്ല വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.  വളളം കളി നടക്കുന്ന പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഡിസംബര്‍ നാലിന് രാവിലെ 10 മുതല്‍ വളളംകളി അവസാനിക്കുന്ന സമയം  വരെ പമ്പയാറില്‍ അനധികൃത വളളങ്ങളോ യാനങ്ങളോ ബോട്ടുകളോ പ്രവേശിക്കുന്നത് തടയാന്‍ സബ് കളക്ടര്‍ ഓഫീസില്‍ നിന്നും ഉത്തരവ് നല്‍കും.

 

എടത്വാ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആര്‍. ഉണ്ണികൃഷ്ണന്‍, നെടുമ്പ്രം 13-ാം വാര്‍ഡ് മെമ്പര്‍ ഗ്രേസി അലക്സാണ്ടര്‍, പമ്പാ ബോട്ട് റേസ് കണ്‍വീനര്‍ അഡ്വ. ബിജി സി ആന്റണി, പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂര്‍ ജോസ്, പമ്പാ ബോട്ട് റേസ് ക്ലബ് ജോയിന്റ് സെക്രട്ടറി നൈനാന്‍ ജേക്കബ്, സജി കൂടാരത്തില്‍,  ബിജു പാതില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രതിനിധി സുനില്‍ ജോസഫ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് പി.പി. അനില്‍കുമാര്‍, കോട്ടയം താലൂക്ക് ഓഫീസ്  ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രാജേഷ്, തലവടി ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ബേബി മോന്‍ സേവ്യര്‍, തിരുവല്ല മൈനര്‍ ഇറിഗേഷന്‍ എ.ഇ ശബരി ഉണ്ണി, തിരുവല്ല എ.ഇ കെ സുനില്‍, നെടുമ്പ്രം വില്ലേജ് ഓഫീസര്‍ എ. സജിത, റ്റി. രാജാറാം, തിരുവല്ല പി.ഡബ്ല്യൂ.ഡി റോഡ്സ് എ.ഇ പി.കെ. ശുഭ, കെ.എസ്. ആനന്ദബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date