Skip to main content
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുന്നു

സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും; ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 31 സ്‌കൂളുകള്‍ക്കാണ് ബെഞ്ചും ഡസ്‌കും നല്‍കുന്നത്.

 

ജില്ലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടത്തുന്നത്.  കേരള ആര്‍ട്ടിസാന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് ബെഞ്ചും ഡസ്‌കും നിര്‍മിച്ചത്. നിലവാരം ഉറപ്പാക്കുന്നതില്‍  ഒരു വിട്ടുവീഴ്ചയ്ക്കും ജില്ലാ പഞ്ചായത്ത് പിന്നോട്ട് പോയിട്ടില്ലെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഭിക്കുന്ന വസ്തുക്കളുടെ പൂര്‍ണ സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന്  അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.  
നാടിന്റെ വികസനത്തിനൊപ്പം വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ബാധ്യസ്ഥരാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് പറഞ്ഞു.

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. മനോജ് കുമാര്‍, ഹെഡ്മിസ്ട്രസ് മിനു ജെ. പിള്ള, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എ.ആര്‍. ഇന്ദു എന്നിവര്‍ പങ്കെടുത്തു.

date