Skip to main content

വലിയ നടപ്പന്തലില്‍ സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ക്ക് പുതുതായി എത്തിച്ച 500 സ്റ്റീല്‍ കുപ്പികളില്‍ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, മറ്റ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. ശബരിമലയില്‍ തിരക്ക് വര്‍ധിച്ചത് മൂലം വലിയ നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്ന ഒമ്പത് വരികള്‍ക്കിടയില്‍ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും.

 

വരികള്‍ക്കിടയിലുള്ള ഭക്തര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സ്റ്റീല്‍ കുപ്പിയില്‍ വെള്ളം നല്‍കുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീല്‍ കുപ്പികള്‍ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ച ശേഷം ഉടന്‍ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തര്‍ക്ക് നല്‍കുകയും കാലിയായ മുറയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. തിരക്ക് വര്‍ധിച്ചതോടെ ഭക്തര്‍ക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. ആറര ലക്ഷം പേരാണ് തിങ്കളാഴ്ച (നവംബര്‍ 28) വരെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്.

കൊവിഡ് രൂക്ഷമായ 2020ലെ തീര്‍ത്ഥാടന കാലത്ത് സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം നല്‍കിയിരുന്നു. മുന്‍കൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീല്‍കുപ്പി പിന്നീട് തിരിച്ചേല്‍പ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാന്‍ സാധിച്ചിരുന്നു.

date