Skip to main content

ശബരിമലയില്‍ പോലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റു

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ശനിയാഴ്ച ചുമതലയേറ്റു. രണ്ടാം ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പന്‍മാരുടെ സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ (എസ്. ഒ.) ബി. കൃഷ്ണകുമാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഈ വര്‍ഷം കോവിഡിനും വെള്ളപ്പൊക്കത്തിനും മുന്നേയുള്ളത് പോലെ തിരക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര ലക്ഷത്തോളം ആളുകള്‍ വരുന്ന ദിവസങ്ങള്‍ ഉണ്ടായേക്കുമെന്നും പോലീസ് സുസജ്ജമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി. കെ. വിഷ്ണുപ്രതാപ് , ഒമ്പത് ഡി.വൈ.എസ്.പിമാര്‍ , 30 സി.ഐമാര്‍ , 95 എസ്.ഐ / എ.എസ്.ഐ , 1150 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1290 പോലീസുകാരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

date