Skip to main content

ലോക എയ്ഡ്സ് ദിനാചരണം:  ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന്

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. അന്നേദിവസം കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

 

പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. രചന ചിദംബരം, സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുക്കും.
എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 30 ന് വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.

 

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്‍, സ്‌കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവല്‍ക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.

date