Skip to main content

മാധ്യമ രംഗത്തെ സ്ത്രീ വിഷയങ്ങള്‍ സംസാരിച്ച് 'പെണ്‍പാതി' ജില്ലാതല സെമിനാര്‍

കേരള വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'പെണ്‍പാതി' ജില്ലാ തല സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി.സതീദേവി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പൊതുബോധ നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന നാലാം തൂണാണ് മാധ്യമമെന്നും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ,സമത്വം എന്നിവ സംബന്ധിച്ച മികച്ച ധാരണകള്‍ പൊതുബോധത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും സതീദേവി പറഞ്ഞു. 

 

സമൂഹത്തില്‍ അഭിമാനബോധത്തോടെയും അന്തസോടെയും ആത്മവിശ്വാസത്തോടെയും സ്ത്രീകള്‍ക്ക് പ്രവൃത്തിക്കാനാവുമെന്ന ധാരണ പകര്‍ന്നു നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും അത്തരത്തിലുള്ളതാവട്ടെ മാധ്യമപ്രവര്‍ത്തനമെന്നും സതീദേവി പറഞ്ഞു. ഓരോ തൊഴില്‍ മേഖലയിലുമുള്ള സ്ത്രീ പങ്കാളിത്ത അവസ്ഥയെകുറിച്ച് വളരെ ഗൗരവപൂര്‍വ്വം വീക്ഷിക്കേണ്ട കാലത്ത് മാധ്യമ ലോകത്തെ സ്ത്രീസാന്നിധ്യവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. മാധ്യമരംഗത്തെ സ്ത്രീ സുരക്ഷ, സമത്വ സമീപനത്തെകുറിച്ച് പലപ്പോഴായി വനിതാ കമ്മീഷന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിനും അപമാനങ്ങള്‍ക്കും ഇടയാവുന്ന സഹോദരിമാര്‍ വനിതാ കമ്മീഷനു മുമ്പാകെ പരാതികളുമായി വരുമ്പോള്‍ നമ്മുടെ പൊതുബോധത്തിലെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളാണ് പ്രകടമാവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാവണമെന്നും അത് ജനങ്ങളിലെത്തിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു.

 

'വുമണ്‍സ് സ്‌പേസ് ഇന്‍ മീഡിയ' എന്ന വിഷയത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. 'തൊഴിലിടങ്ങളിലെ ലിംഗ സമത്വവും മാധ്യമനിയമങ്ങളും' എന്ന വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവ. പ്ലീഡറുമായ അഡ്വ. പി.എം ആതിര സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത വിഷയാവതരണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രജി ആര്‍. നായര്‍ ചര്‍ച്ച നിയന്ത്രിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ ആശംസ അറിയിച്ചു. വനിതാ കമ്മിഷന്‍ പി.ആര്‍.ഒ ശ്രീകാന്ത് എം ഗിരിനാഥ്, പ്രോജക്ട് ഓഫീസര്‍ ദിവ്യ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ് എന്നിവര്‍ സന്നിഹിതരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സ്വാഗതവും കാലിക്കറ്റ് പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ടി. മുംതാസ് നന്ദിയും പറഞ്ഞു. മാധ്യമരംഗത്ത് നിന്നുള്ളവരും മാധ്യമ പഠന വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.

 

 

 

 

date